വാഷിങ്ടണ്‍: അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരും. സെനറ്റില്‍ ധനബില്‍ പാസാക്കാനാകാതെ വന്നതോടെയാണ് ഷട്ട് ഡൗണ്‍ തുടരുന്നത്. ഇത് പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ അവതരിപ്പിക്കുന്നതും പരാജയപ്പെടുന്നതും. ഇതോടെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ധനാനുമതി ബില്‍ 43-നെതിരെ 50-നാണ് പരാജയപ്പെട്ടത്. ബില്‍ പാസാക്കാന്‍ വേണ്ടത് 60 വോട്ടുകളാണ്.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം നല്‍കില്ലെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകള്‍ ചെറുത്തതോടെയാണ് ധനബില്‍ പാസാക്കാനാകാതെ പോയത്. ഷട്ട് ഡൗണിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിസന്ധി രൂക്ഷമാണ്. ഷട്ട്ഡൗണ്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് കാരണമാകുമെന്ന് ട്രംപ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറല്‍ ജഡ്ജി കഴിഞ്ഞ ദിവസം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
SUMMARY: US government shutdown to continue