തിരുവനന്തപുരം: ഗുരുവിനെ പകർത്തിയ നേതാവാണ് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകർത്തി. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്‌എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ശ്രീനാരായണീയം കണ്‍വെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന നായകനായ ശ്രീനാരായണഗുരു എല്ലാവരെയും ചേർത്തുപിടിക്കുക എന്നാശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ നിർണായക സ്ഥാനം എസ്‌എൻഡിപിക്ക് ഉണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്താണ് എസ്‌എൻഡിപി രൂപീകൃതമായത്.
അറിവാണ് യഥാർത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണെന്നും അദ്ദേഹം. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാൻ എസ്‌എൻഡിപി പ്രവർത്തിച്ചു. അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്‌എൻഡിപി യോഗം വഹിച്ച പങ്ക് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
SUMMARY: Vellappally is a leader who has copied the ideas of Sree Narayana Guru: Chief Minister