മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.
തിരൂർ പയ്യനങ്ങാടിയിലാണ് കമീല താമസിച്ചിരുന്നത്. ഇവരുടെ സുഹൃത്ത് വൈലത്തൂർ സ്വദേശിയാണ്. എന്നാൽ, ഒഴൂർ കരിങ്കപ്പാറയിലുള്ള സഹോദരന്റെ വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. ഈ വീടിന് മുന്നിൽ വാഹനം നിർത്തിയിടാനായി നിർമിച്ച താൽക്കാലിക ഷെഡിനുള്ളിലാണ് കമീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കുന്നതിന് മുമ്പ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നും കമീല വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
താനൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് തിരൂർ ‘ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Video shows trans woman committing suicide at friend’s house in Malappuram