ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്.
പൊതുദർശനത്തിനുള്ള ഒരുക്കങ്ങള്‍ വേലിക്കകത്ത് വീട്ടില്‍ പൂർത്തിയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകുകയാണ്. ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫിസിലുണ്ട്. മഴയെ അവഗണിച്ചും ജനക്കൂട്ടം വിഎസിനെ അവസാനമായി കാണാനെത്തി കൊണ്ടിരിക്കുകയാണ്.
വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതിനാല്‍, ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തില്‍ പങ്കാളികളാകണമെന്ന് നേതാക്കള്‍ ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും.
SUMMARY: VS arrived at his home in Velikakattu