ബെംഗളൂരു: കുടക് ജില്ലയില്‍ സാമൂഹിക, വിദ്യാഭ്യാസ സര്‍വേയ്ക്കിടെയുണ്ടായ കാട്ടാന അക്രമത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. മാല്‍ദാരെ ഗ്രാമത്തിലാണ് സംഭവം. ഗോണികുപ്പ ഹൈസ്‌കൂളിലെ അധ്യാപകനായ ശിവറാമിനെയാണ് കാട്ടാന ആക്രമിച്ചത്. സര്‍വേ നടത്താന്‍ ശിവറാം തന്റെ ബൈക്കില്‍ അവരേഗുണ്ട വനമേഖലയിലൂടെ മാല്‍ദാരെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ ദുബാരെ ആദിവാസി വാസസ്ഥലത്തായിരുന്നു അദ്ദേഹത്തിന് സര്‍വേ ജോലി.
യാത്രയ്ക്കിടെ റോഡില്‍ വെച്ച് കൊമ്പനാന ഇയാള്‍ക്കുനേരെ പാഞ്ഞടുത്തു. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെറിച്ചുവീണ് കാലിന് പരിക്കേറ്റു. തുടര്‍ന്ന് ഓടുന്നതിനിടയില്‍ വീണ് തലക്കും മുറിവേറ്റു. എന്നിട്ടും അടുത്തുള്ള ഗ്രാമത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചതോടെ ശിവറാമിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
വിരാജ്പേട്ട് താലൂക്ക് തഹസില്‍ദാര്‍ പ്രവീണ്‍ കുമാറും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ജില്ലയിലെ വന്യജീവി സംഘര്‍ഷ മേഖലകളില്‍ സെന്‍സസ് സര്‍വേ നടത്താന്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ കടുത്ത ഭീതിയിലാണ്. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് അധ്യാപകര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
SUMMARY: Wild elephant attacks during survey; Teacher seriously injured in Kodagu