തിരുവനന്തപുരം: ലൈംഗിക പീഡനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്റിന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സജന്‍ ആണ് എ ഐ സി സിക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നല്‍കിയത്.
വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളെ നേരില്‍ കണ്ട് വിഷയം ഗൗരവത്തോടെ ചര്‍ച്ച ചെയ്യണം എന്നാണ് സജ്‌നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളില്‍ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന സംശയം ജനങ്ങളില്‍ നിന്ന് മാറ്റണമെന്നും സജന പറയുന്നു. രാഹുല്‍ മാങ്കൂട്ടം യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന പുതിയ ഓഡിയോ സന്ദേശം പുറത്തുവന്നതോടെ രാഹിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടിയില്‍ രണ്ടു ചേരി ശക്തമായിരിക്കയാണ്.
പാര്‍ട്ടിയുടെ അച്ചടക്ക നടപടിയെ വെല്ലുവിളിച്ചുകൊണ്ട്, സസ്‌പെന്‍ഷനില്‍ കഴിയുന്ന രാഹുല്‍ പ്രചാരണത്തില്‍ സജീവമായി ഇടപെടുന്നു. കെ സുധാകരനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പിന്തുണച്ചു രംഗത്തുവരുന്നു. ഈ സാഹചര്യത്തിലാണു യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ഹൈക്കമാന്റിനു പരാതി അയച്ചിരിക്കുന്നത്.
SUMMARY: Woman leader files complaint against Rahul Mangkootatil to high command














