ബെംഗളൂരു: കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും സംസ്ഥാന പതാക ഉയർത്തണമെന്ന് നിർദേശവുമായി സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വ്യവസായ സ്ഥാപനങ്ങളിലും, ഫാക്ടറികളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും കന്നഡ പതാക നിർബന്ധമായും ഉയർത്തണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
ബെംഗളൂരു അർബനിലും, മൈസൂരുവിലും താമസിക്കുന്നവരിൽ 50 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അവരും കന്നഡ പഠിക്കാൻ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
കന്നഡ രാജ്യോത്സവത്തിൻ്റെ പ്രധാന ആഘോഷം വിധാൻ സൗധയിൽ നടത്തും. എന്നാൽ സംസ്ഥാനത്തുടനീളമുള്ള സ്വകാര്യ, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർബന്ധമായും രാജ്യോത്സവത്തിന്റെ ഭാഗമായി ആഘോഷങ്ങൾ നടത്തേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. കന്നഡ അറിയാതെ കർണാടകയിൽ ജീവിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും തോന്നണമെന്നും ശിവകുമാർ പറഞ്ഞു.
നവംബർ ഒന്നിന് സ്കൂളുകളിലും കോളേജുകളിലും കന്നഡ പതാക ഉയർത്തുന്നതിനൊപ്പം സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനങ്ങളിലും നടത്തുന്നത് പോലെ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കണം. അതേസമയം കന്നഡ അനുകൂല സംഘടനകൾ സ്ഥാപനങ്ങൾക്കോ വ്യാപാരസ്ഥാപനങ്ങൾക്കോ മേൽ നിർബന്ധിത നീക്കങ്ങൾ നടത്താൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.
TAGS: KARNATAKA | RAJYOTSAVA
SUMMARY: Kannada flag should be hoisted compulsorily on State formation day on November 1, government tells businesses