കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതിയില്‍ ദുരൂഹത. നവീനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിര്‍ണായ ശബ്ദരേഖ പുറത്തായി. കൈക്കൂലി പരാതി ഉന്നയിച്ച പമ്പുടമ ടി.വി. പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. എ.ഡി.എം അഴിമതിക്കാരനല്ലെന്നാണ് പ്രശാന്തന്‍ തന്നെ പറയുന്നത്. എന്‍ഒസി ലഭിക്കാത്തത് പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാലെന്നും പ്രശാന്തന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ബലം നല്‍കുന്നതാണ് ഫോണ്‍ സംഭാഷണം. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കി എന്നാണ് പറയുന്നത്. എന്നാല്‍ ഒക്ടോബര്‍ ഏഴാം തീയതി രാത്രി 8.26 ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തില്‍ പ്രശാന്തന്‍ ഒരിടത്തും കൈക്കൂലിയെക്കുറിച്ച് പറയുന്നില്ല.
എ.ഡി.എം നവീന്‍ബാബു കൈക്കൂലിക്കാരനാണെന്നുള്ള സൂചനയില്ലെന്നും പമ്പുടമ പറയുന്നുണ്ട്. ആദ്യം അങ്ങനെയാണ് കരുതിയതെന്നും എന്നാൽ, തനിക്ക് എന്‍.ഒ.സി ലഭിക്കാതിരിക്കാനുള്ള കാരണം പോലീസ് റിപ്പോര്‍ട്ട് ആണെന്നും പ്രശാന്തന്‍ സംഭാഷണത്തിൽ പറയുന്നു.
എൻ.ഒ.സിക്ക് അപേക്ഷ നൽകിയ പ്രശാന്തനും സംരംഭകനും കലക്ടറേറ്റിൽവെച്ചാണ് പരിചയപ്പെടുന്നത്. ഫയലിന്റെ നിലവിലെ അവസ്ഥ അന്വേഷിച്ച് നടത്തിയ സൗഹൃദ സംഭാഷണമാണ് ശബ്ദരേഖ. സൗഹൃദസംഭാഷണം നടത്തിയയാൾക്ക് ഒരു പൈസയും നൽകാതെ പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിച്ചിരുന്നു. പണമൊന്നും കൈപ്പറ്റാതെ എൻ.ഒ.സി നൽകിയ എ.ഡി.എമ്മിനെതിരെ പ്രശാന്തൻ കൈക്കൂലി ആരോപണമുന്നയിച്ചതിലെ അരിശത്തിലാണ് ഇദ്ദേഹം ശബ്ദരേഖ പുറത്തുവിട്ടതെന്നാണ് വിവരം.
എ.ഡി.എം മരിച്ചതിന് തൊട്ടുപിന്നാലെ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയതെന്ന് പറയപ്പെടുന്ന പരാതിയുടെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഇ-മെയിലായി പരാതി നൽകിയെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മരണം നടന്നശേഷം മുഖം രക്ഷിക്കാനുണ്ടാക്കിയ പരാതിയെന്ന് ആരോപണമുയർന്നിരുന്നു.