ബെംഗളൂരു : ‘കുടുംബാഘോഷങ്ങളിലെ കമ്പോളവത്കരണം’ എന്ന വിഷയത്തിൽ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. അമിതമായുള്ള കമ്പോളവത്കരണം ആഘോഷങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യത്തെ നഷ്ടപ്പെടുത്തുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജിബിൻ ജമാൽ പറഞ്ഞു. ആഘോഷങ്ങളുടെ വാണിജ്യവൽക്കരണം ഒഴിവാക്കുക എന്നത് പ്രായോഗികമല്ല എങ്കിൽ കൂടിയും നമ്മൾ ലാളിത്യത്തിൽ ഊന്നിയുള്ള ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കണം. ചെറിയ കാര്യങ്ങളിൽ പോലും അമിതമായുള്ള ചിലവുകളും ആർഭാടവും കാണിച്ച് അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് വ്യതിചലിച്ചു എവിടെയൊക്കെയോ എത്തുന്ന ഒരു സംസ്കാരത്തിൽ നിന്നും പങ്കുവയ്ക്കലുകളിൽ ഊന്നിയുള്ള ആഘോഷങ്ങളാണ് നമ്മുടെ സംസ്കാരത്തിന് കുറച്ചു കൂടി അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നമ്മ ദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ആർ.വി. പിള്ള, ശ്രീകണ്ഠൻ നായർ, ഇ.ആർ. പ്രഹ്ലാദൻ, തങ്കമ്മ സുകുമാരൻ, കല്പനാ പ്രദീപ്, പി.പി. പ്രദീപ് എന്നിവർ സംസാരിച്ചു.