ഭോപ്പാൽ: മധ്യപ്രദേശില്‍ 11 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ. ചിന്ദ്വാരയിലെ ഡോക്ടറായ പ്രവീൺ സോണിയാണ് പിടിയിലായത്. കഫ് സിറപ്പ് കഴിച്ച് മരിക്കുകയും ആശുപത്രിയിലാവുകയും ചെയ്ത ഭൂരിഭാഗം കുട്ടികളെയും ചികിത്സിച്ചത് പരേഷ്യയിലെ ശിശുരോഗവിദഗ്ധനായ ഡോ. പ്രവീൺ സോണിയുടെ ക്ലിനിക്കിലായിരുന്നു.
‘കോൾഡ്രിഫ്’ (Coldrif) എന്ന ചുമസിറപ്പ് നിർമ്മിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുക്കുകയും ചെയ്തു. നേരത്തെ, കോൾഡ്രിഫ് ചുമസിറപ്പിന്റെ വിൽപ്പന സർക്കാർ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6 % ഡൈഎഥിലീൻ ഗ്ലൈക്കോൾ എന്ന അതീവ വിഷാംശം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പനയും വിതരണവും സർക്കാർ നിരോധിച്ചിരുന്നു.
ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ സർക്കാർ ഡ്രഗ് അനലിസ്റ്റ് നടത്തിയ പരിശോധനയിൽ സിറപ്പിന്റെ സാമ്പിൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതായി തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോൾ പ്രഖ്യാപിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി കോൾഡ്രിഫ്, നെക്‌സ്‌ട്രോ-ഡി എസ് (Nextro-DS) എന്നീ ചുമസിറപ്പുകളുടെ വിൽപ്പന മധ്യപ്രദേശ് സർക്കാർ നിരോധിച്ചു. കോൾഡ്രിഫിൻ്റെ പരിശോധനാ റിപ്പോർട്ട് ശനിയാഴ്ച ലഭിച്ചപ്പോൾ, നെക്‌സ്‌ട്രോ-ഡി എസ് സിൻ്റേത് ലഭിക്കാനായി കാത്തിരിക്കുകയാണ്.
രോഗം ബാധിച്ച കുട്ടികളുടെ കുടുംബങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, കുട്ടികൾക്ക് ആദ്യം ജലദോഷവും നേരിയ പനിയും ആണ് വന്നത്. തുടർന്ന് ചുമസിറപ്പുകൾ ഉൾപ്പെടെയുള്ള പതിവ് മരുന്നുകൾ നൽകിയപ്പോൾ അവർക്ക് സുഖം പ്രാപിക്കുന്നതായി തോന്നിയെങ്കിലും, ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെ, മൂത്രത്തിന്റെ അളവ് പെട്ടെന്ന് കുറയുകയും സ്ഥിതി മോശമാവുകയും വൃക്കയിൽ അണുബാധയുണ്ടായി മരണപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ കിഡ്‌നി ബയോപ്‌സികളിലാണ് വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ സിറപ്പിൽ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്.
SUMMARY: 11 children die in Madhya Pradesh; Doctor arrested for prescribing cough syrup