Follow the News Bengaluru channel on WhatsApp

മധുവന്തി

സുരേഷ് കോടൂര്‍ കഥകള്‍ 

മധുവന്തി

”സ്വരസ്ഥാനം പോലും ഉറയ്ക്കാത്ത ഈ പിഞ്ചുകുട്ട്യെകൊണ്ട് രസികപ്രിയ ഒക്കെ പാടിക്കണത് ഇത്തിരി അതിക്രമം തന്നെ ആണേ”

”ഞാനും അതുതന്നെയാ ഇപ്പൊ ആലോചിച്ചത്”

”കനകാഗീം രസികപ്രിയേം ഒക്കെ ഫലിപ്പിക്കാനും ഒരു ഇരുത്തൊക്കെ വരണ്ടേ”

”എന്താ സംശയം. തീര്‍ച്ചയായും”

പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആരോടാണിപ്പൊ ഞാന്‍ സംസാരിച്ചത് എന്ന് ആലോചിച്ചത്. അല്പം ജാള്യത തോന്നി. എന്റെ വലത്ത് ഭാഗത്ത് കസേരയിലിരിക്കുന്ന സ്ത്രീയെ അപ്പോഴാണ് ഞാന്‍ കാണുന്നത്. സെറ്റ് മുണ്ടൊക്കെ ഉടുത്ത് നെറ്റിയില്‍ വലിയൊരു കുങ്കുമവട്ടവുമൊക്കെയായി മുഖത്ത് ചെറിയൊരു ചിരിയുടെ തെളിച്ചമുള്ള ഈ സൌന്ദര്യം എന്റെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നത് ഞാന്‍ അറിയാതെ പോയതെന്തേ എന്ന് എനിക്കുതന്നെ അത്ഭുതമായി. അവരിനീപ്പൊ എന്നോടുതന്നെ ആയിരുന്നോ പറഞ്ഞത് എന്ന് പോലും എനിക്ക് ഉറപ്പില്ലായിരുന്നു. സംഗീതത്തില്‍ ലയിച്ച് ആ കണ്ണുകള്‍ വേദിയില്‍ തന്നെയാണ്. ഒരു പക്ഷെ അവര്‍ സ്വയം പറഞ്ഞതാവും. എന്റെ സാമീപ്യം അറിഞ്ഞു തന്നെ കാണണമെന്നില്ല. ഞാനും അവരെ അവഗണിക്കാന്‍ നിശ്ചയിച്ചു. അല്‍പനേരം ആലാപനത്തില്‍ ശ്രദ്ധിച്ച് അവരുടെ സാന്നിദ്ധ്യം അറിയാതിരിക്കാന്‍ ശ്രമിച്ചു. പക്ഷെ ഏറെ നേരം അങ്ങിനെ ഇരിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ എന്നോടുതന്നെ തോല്‍വി സമ്മതിച്ചു. വിലക്കാന്‍ കഴിയാത്ത ഒരു ആകാംഷ. മറ്റെവിടെയോ നോക്കുന്നത് പോലെ നടിച്ച് കണ്ണുകള്‍ ഇടയ്ക്കിടെ അവരെ കണ്ടു മടങ്ങി. ഓരോ തവണ കാണുന്തോറും വീണ്ടും ഒന്ന് കാണാനുള്ള ആഗ്രഹം.

ആലാപനം കഴിഞ്ഞ് കുട്ടി സ്റ്റേജില്‍ നമസ്‌കരിച്ചു വിടവാങ്ങിയപ്പോള്‍ അടുത്ത ഗായകനായുള്ള കാത്തിരിപ്പിന്റെ ഇടവേളയിലാണ് ഞാന്‍ അവരെ ഒരിക്കല്‍ക്കൂടി നോക്കിയത്. ഇത്തവണ മനോഹരമായ ഒരു പുഞ്ചിരിയുമായി അവര്‍ എന്റെ നോട്ടത്തെ സ്വീകരിച്ചു. ആ മുഖത്തുനിന്നു കണ്ണെടുക്കാന്‍ കഴിഞ്ഞില്ല. എവിടെയോ കണ്ടുമറന്ന മുഖം പോലെ. ആദ്യമായി കാണുമ്പോഴും കാലാതീതമായ എന്തോ ഒരു ബന്ധം അനുഭവവേദ്യമാവുന്നപോലെ മനസ് പിടഞ്ഞു. എന്നോ എവിടെയോ വെച്ച് പരിചയമായ ആരെങ്കിലും? ഇല്ല, ആവാന്‍ വഴിയില്ല. തോന്നലാവും. അടുത്ത നിമിഷം തന്നെ വികാരങ്ങള്‍ വരുതിയിലായി. തീര്‍ത്തും അപരിചിതയായ ഒരു സ്ത്രീ, പാവനമായ ഒരു ക്ഷേത്ര സന്നിധിയില്‍, അതും അഭൌമമായ ഒരു സംഗീത സദസ്സില്‍, അടുത്ത് വന്നിരുന്നപ്പോഴേക്കും അമ്പതിന്റെ പടിപ്പുരയില്‍ കാലൂന്നിയ എന്റെ മനസ്സ് ഇങ്ങനെ ചഞ്ചലമായാലോ എന്ന് ഞാന്‍ എന്നെത്തന്നെ ശാസിച്ചു. അവരോടുള്ള പ്രതികരണം ഒരു പുഞ്ചിരിയില്‍ ഒതുക്കി ഞാനും വേദിയിലേക്ക് കണ്ണ്‌നട്ടു.

അങ്ങനെ ഏറെനേരം അടങ്ങിയിരിക്കാന്‍ കഴിവുള്ള പ്രകൃതമല്ലല്ലോ പക്ഷെ എന്റെത്. അവരോടു ഒന്ന് സംസാരിച്ചാല്‍ കൊള്ളാമെന്നു മനസ്സ് പറഞ്ഞു. പറ്റിയ ഒരു തുടക്കത്തിനായി ഉള്ളു തിരഞ്ഞു.

”ഏതാ ഇഷ്ടരാഗം?”.

”മധുവന്തി”

”കണ്ട നാള്‍ മുതലായ് കാതല്‍ പെരുകുതടി …” ഞാന്‍ അറിയാതെതന്നെ ഒരു മൂളലായി ആ വരികള്‍ പുറത്തേക്കൊഴുകി.

അത്ഭുതത്തോടെ അവര്‍ നോക്കി പുഞ്ചിരിച്ചു.

”അതെ. മധുവന്തിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കോമ്പോസിഷന്‍ അതുതന്നെയാ”

”ഉള്ളത്തില്‍ ഒരു കാതല്‍ പെരുകിറത്, അല്ലവാ?” അല്പം കുസൃതിച്ചുവയുണ്ടായിരുന്ന എന്റെ ആ ചോദ്യത്തിനുത്തരം പറയാതെ അവരൊന്നു ചിരിച്ചു. പിന്നെ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റു.

”വൈകി. ഞാന്‍ എന്നാല്‍ ഇറങ്ങട്ടെ. ഇന്ന് തന്നെ തിരിച്ചു പോണം.”

”ആവട്ടെ. പേര് പറഞ്ഞില്ല”

”ശ്രീലത”

”എവിടുന്നാ?”

”പാലക്കാട്, ചെര്‍പ്‌ളശ്ശേരിക്കടുത്ത്”

‘ഞാന്‍ തൃശ്ശൂര്‍ കൊളങ്ങാട്ടുകര. പേര് മഹേഷ് നാരായണന്‍. കെ.എസ്.ഇ.ബിയില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍’

‘പരിചയപ്പെട്ടതില്‍ സന്തോഷം. എന്നാല്‍ ഞാനിറങ്ങട്ടെ’
പിന്നെ എന്തോ ഓര്‍മിച്ചെടുത്തപോലെ അവര്‍ ചോദിച്ചു
‘എവിടെയാ പഠിച്ചത്? തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ആണോ?’

‘അതെ. എന്താ?’

‘ഏതു കൊല്ലം?’

‘തൊണ്ണൂറ്റി രണ്ട്’

‘ഒരു സുധീഷ് മോഹന്‍നെ അറിയുമോ? വഴിയില്ല. എങ്കിലും വെറുതെ ചോദിച്ചതാ. ഒരേ ബാച്ച് ആയിരിക്കുമെന്നാണ് തോന്നുന്നത്’.

‘യൂണിയന്‍ ചെയര്‍മാന്‍ ഒക്കെ ആയിരുന്ന സുധീഷ് ആണോ?’

‘പോളിറ്റിക്‌സില്‍ ഒക്കെ ഉണ്ടായിരുന്നതായി അറിയാം’.

‘ഉവ്വ്. എനിക്കറിയാം. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു’.

‘ഉവ്വോ’. ആ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം.

‘സുധീഷിന്റെ എന്തെങ്കിലും കോണ്ടാക്റ്റ് ഉണ്ടോ’?

‘ഇല്ലല്ലോ. കോളേജ് വിട്ടതില്‍പിന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. ഒരു കോണ്ടാക്റ്റും ഇല്ല. പത്തിരപത്തഞ്ചു കൊല്ലായില്ലേ ഇപ്പൊ. എന്താ ചോദിച്ചേ? സുധീഷിനെ പരിചയമുണ്ടോ?’
‘ങ്ഹാ, പരിചയമുണ്ട്. ഞങ്ങള്‍ നാട്ടുകാരാണ്. പക്ഷെ അങ്ങനെ കോണ്ടാക്റ്റ് ഒന്നും ഇല്ല കുറെ കാലായിട്ട്’.

‘നോക്കട്ടെ. ഞങ്ങളുടെ അലുംനി ഗ്രൂപ്പ് ഉണ്ട്. ആരോടെങ്കിലും ചോദിച്ചു നോക്കാം. കോണ്ടാക്റ്റ് കിട്ടിയാല്‍ അറിയിക്കാം’

‘വളരെ നന്ദി. കിട്ടിയാല്‍ തീര്‍ച്ചയായും അറിയിക്കൂ ട്ടോ’

‘ഷുവര്‍. ഒരു ശ്രീലത തന്നെ തേടി നടക്കുന്നു എന്ന് സുധീഷിനോട് പറഞ്ഞേക്കാം’
മുല്ലപ്പൂ പൊട്ടിവിരിയുന്നതുപോലെ മനോഹരമായി അവര്‍ ഒന്ന് പുഞ്ചിരിച്ചു. പിന്നെ ആ നൃത്ത മണ്ഡപത്തിലെ കല്‍തൂണുകളില്‍ കൊത്തിവെച്ച കവിത ജീവന്‍തുടിച്ച് ചുവടുകള്‍ വെച്ചതുപോലെ പതുക്കെ ഒഴുകി നീങ്ങി. എന്റെ കണ്ണുകള്‍ പുറത്തേക്കുള്ള കല്‍പടവുകളിലും അവരെ പിന്തുടര്‍ന്നു.

പതുക്കെ പതുക്കെ പടവുകളിറങ്ങി മുല്ലപ്പൂവണിഞ്ഞ ആ നെറുകയുടെ കറുപ്പും കാഴ്ചയില്‍ നിന്ന് മറഞ്ഞപ്പോള്‍ എന്തോ നഷ്ടപ്പെട്ടത് പോലെ മനസ്സ് പെട്ടെന്ന് ശൂന്യമായി. പ്രിയമുള്ള ആരോ പെട്ടെന്ന് അകന്നു പോയതുപോലെ മനസ്സിലൊരു വിമ്മിഷ്ടം. ഒരു ഉല്‍സാഹക്കുറവ്. ഒരു സ്വരഭ്രംശം. പിന്നെ അവിടെ ഇരിക്കാന്‍ തോന്നിയില്ല. പതുക്കെ എഴുന്നേറ്റു പുറത്തേക്ക് നടന്നു. അമ്മ ഒരു പക്ഷെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞെത്തിയിരിക്കും.

ശുചീന്ദ്രം ആത്മീയശുചിത്വം കൈവരിക്കുവാനുള്ള പുണ്യസ്ഥലിയാണെന്ന് മനസ്സ് ഓര്‍മിപ്പിച്ചു. അനസൂയയെ കാമിച്ച ദൈവങ്ങള്‍ സ്വയം ശുദ്ധീകരിച്ച് തങ്ങളുടെ ദൈവത്വം തിരിച്ചുപിടിച്ച ഈ ക്ഷേത്രഭൂമിയില്‍ എനിക്കെന്നെ കളഞ്ഞു പോകരുതല്ലോ എന്ന് വെറുതെ ഒരു കരുതല്‍. പുറത്തേക്ക് ഒഴുകിവന്ന ആഭേരിയില്‍ മനസ്സിനെ തളച്ചിടാന്‍ നോക്കി. എത്രയൊക്കെ ശ്രമിച്ചിട്ടും പക്ഷെ മനസ്സ് സ്വസ്ഥമാവാതെ എവിടെയോ എന്തിനെയോ പ്രദക്ഷിണം വെച്ച് മടങ്ങാന്‍ കൂട്ടാക്കാതെ അവിടെയൊക്കെ ചുറ്റിപ്പറ്റിതന്നെ നിന്നു.

നടയ്ക്കലൊക്കെ തിരഞ്ഞെങ്കിലും അമ്മയെ അവിടെയെങ്ങും കണ്ടില്ല. ഒരു പക്ഷെ ദര്‍ശനം കഴിഞ്ഞു കാണില്ല. അമ്മക്കങ്ങനെയാണ്. എത്ര തൊഴുതാലും മതിയാവില്ല.
ഞാന്‍ അടുത്ത ഒരു കാപ്പിക്കടയില്‍ കയറി. മനസ്സിനൊരു ഉഷാറ് വരട്ടെ. ചുടു കാപ്പി കയ്യിലെടുത്ത് പുറത്തേക്ക് നോക്കിയിരുന്നു. അവളെങ്ങാനും ഒരു പക്ഷെ ഇതുവഴി വന്നുകയറിയെങ്കിലോ. വെറുതെ ഒരു തോന്നല്‍. അവളെ ഒരിക്കല്‍കൂടി കാണണം എന്ന് ഉള്ളില്‍ എന്തോ ഒരു തുടിക്കല്‍.

കാപ്പി കഴിച്ച് പതുക്കെ പുറത്തിറങ്ങി നടക്കലേക്ക് നടന്നു. അമ്മ പ്രദക്ഷിണം കഴിഞ്ഞു പുറത്തെത്തിയിരുന്നു.

‘എന്നാല്‍ പോവ്വല്ലേ. വൈകുന്നേരത്തിക്ക് ശ്രീ പദ്മനാഭനെകൂടി ഒന്ന് തൊഴുതിട്ടു പൂവാന്ന് വിചാരിക്കാ’

‘സമയം ഇനീം ണ്ടല്ലോ അമ്മേ. ഊണ് കഴിഞ്ഞിട്ട് പോവാം’.

അമ്മയുടെ കൈ പിടിച്ചു അടുത്തുള്ള ഹോട്ടലിലേക്ക് കയറുമ്പോഴും അവളവിടെ എവിടെയെങ്കിലുമുണ്ടാവുമൊ എന്ന് കണ്ണുകള്‍ പരതി. അവളെ ഒരിക്കല്‍ കൂടി ഒന്ന് കാണാതെ അവിടം വിടാന്‍ മനസ്സെന്തോ സമ്മതിക്കുന്നില്ല.

ഊണ് കഴിഞ്ഞ് അമ്മ വീണ്ടും ഒന്നുകൂടി തൊഴുതു തിരിച്ചെത്തിയപ്പോള്‍ മൂന്നു മണി കഴിഞ്ഞിരുന്നു. ഇതിനിടയിലോക്കെ ഞാന്‍ സ്മൃതി മണ്ഡപത്തിലും, ഗന്ധര്‍വന്മാരും അപ്‌സരകളും പരസ്പരം സ്‌നേഹം പങ്കു വെക്കുന്ന കല്‍ത്തൂണുകള്‍ക്കിടയിലും അവളെ തിരഞ്ഞു.

ശുചീന്ദ്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ മനസ്സ് പെയ്യാനിരിക്കുന്ന മേഘം പോലെ കനംതൂങ്ങി നിന്നു. ചിലര്‍ അങ്ങനെയാണല്ലോ. ഒരു നിമിഷത്തെ കണ്ടുമുട്ടല്‍. ഏതാനും ചില വരികളിലെ പരിചയം. പക്ഷെ അവര്‍ തനിക്കു വിശേഷപ്പെട്ട ആരോ ആണെന്ന തോന്നല്‍ മനസ്സിലുറപ്പിച്ചു കടന്നു പോകും, അവാച്യമായ ഒരു അലോസരത്തിന്റെ മധുരമുള്ള കരടും മനസ്സിലിട്ടുകൊണ്ട്.

എങ്കിലും അവളെ അവിടെത്തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചാണ് മടങ്ങിയത്. അവളുടെ ഇമെയിലോ, ഫോണ്‍നമ്പറോ ഒന്നും തരികയുമുണ്ടായില്ലല്ലോ എന്നതും അതിന് ഒരു കാരണമാവാം. ഇനി അഥവാ സുധീഷിന്റെ വിവരം വല്ലതും കിട്ടിയാലും എങ്ങിനെ അവളെ അറിയിക്കാന്‍ എന്നപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. സുധീഷിന്റെ കാര്യം ഇനി അവള്‍ വെറുതെ പറഞ്ഞതാകുമോ? ഏതായാലും അല്പായുസ്സായുള്ള സുഖമുള്ള ഒരു ചെറിയ കണ്ടുമുട്ടലായി അവളെ മായ്ച്ചു കളയാം.

അമ്മയുമൊത്തുള്ള വാരാന്ത്യത്തിലെ തീര്‍ഥാടനയാത്ര കഴിഞ്ഞ് തിങ്കളാഴ്ചത്തെ ജോലിതിരക്കുകളിലേക്ക് പ്രവേശിക്കുമ്പോഴേക്കും ഏതാണ്ട് പൂര്‍ണമായുംതന്നെ അവള്‍ എന്റെ ആലോചനകളില്‍നിന്നും പുറത്തായികഴിഞ്ഞിരുന്നു.

അങ്ങനെ അവള്‍ മുഴുവനായും മാഞ്ഞുപോയിക്കഴിഞ്ഞിരുന്ന ഏതാനും ആഴ്ചകള്‍ക്ക് ശേഷം തികച്ചും അപ്രതീക്ഷിതമായാണ് ഒരു ഒഴിവു ദിവസം ഫേസ്ബുക്കിലൂടെ യാതൊരു മുന്നറിയിപ്പില്ലാതെ അവള്‍ കയറി വന്നത്. പഴയ പോസ്റ്റുകള്‍ക്കിടയിലൂടെ പരതി നടക്കുമ്പോഴാണ് ശ്രദ്ധിക്കപ്പെടാതെ കിടന്ന ആ കമന്റ് കണ്ടത്.

‘ഹൈ. എന്നെ ഓര്‍മ്മയുണ്ടോ?’

എനിക്കാളെ മനസ്സിലായില്ല. ‘ലതു’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് സുഹൃത്തുള്ളതായി എനിക്കോര്‍മ വരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി എന്റെ പല പോസ്റ്റുകള്‍ക്കും ലതു ‘ലൈക്’ ചെയ്തിട്ടുണ്ടല്ലോ എന്ന് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ അറിയാതെ, ഞാന്‍ അറിയാത്ത ആരാണ് തന്റെ പോസ്റ്റുകള്‍ ഇങ്ങനെ ഫോളോ ചെയ്യുന്നത്?

‘സോറി, ആളെ മനസ്സിലായില്ല. ആരാ?’ മറുപടി കമന്റ് ആയി പോസ്റ്റ് ചെയ്തു. പിന്നെ ദിവസവും അതിന് മറുപടിയുണ്ടോ എന്ന് ആകാംഷയോടെ നോക്കിയിരുന്നു. പെയ്യാതെ പോയ മേഘങ്ങള്‍ പോലെ മറുപടിയില്ലാതെ ആ കമന്റ് അങ്ങനെ അനാഥമായി ഫേസ്ബുക്കിന്റെ അപാരതയിലെവിടെയോ മറഞ്ഞുപോയിക്കഴിഞ്ഞ് ഏറെ പിന്നീടാണ് വീണ്ടും മറ്റൊരു ഞായറാഴ്ച രാത്രിയില്‍ ‘ലതു’ ഫേസ്ബുക്ക് ചാറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

‘ഹലോ. എന്നെ മനസ്സിലായില്ല അല്ലെ’

‘സോറി, ഇല്ല. പറയു, ആരാണ്”

‘മധുവന്തി…. ഓര്‍മയുണ്ടോ? നമ്മള്‍ ശുചീന്ദ്രത്തില്‍വെച്ച് കണ്ടിരുന്നു.’

വരണ്ട വേനലില്‍ പെട്ടെന്ന് ഇടിവെട്ടി കിഴക്കന്‍മഴ പെയ്തു. ഓര്‍മകളില്‍ ശുചീന്ദ്രസൌന്ദര്യം തരളിതമായി. ഉള്ളിലെവിടെയോ പച്ചപ്പുനിറഞ്ഞ ഒരു അനുഭൂതിയുടെ തിരനോട്ടം. കളഞ്ഞുപോയെന്നു തീര്‍ച്ചപ്പെടുത്തിയ അമൂല്യമായ എന്തോ ഒന്ന് തികച്ചും നിനച്ചിരിക്കാതെ അരികിലെത്തിയപോലെ ആഹ്ലാദത്തിന്റെ ആരവത്തില്‍ അകം നിറഞ്ഞു. മുറ്റത്ത് പടര്‍പ്പും പടലവുമായി ആളനക്കമില്ലാതെ അടഞ്ഞുകിടന്ന തറവാടിന്റെ തിരുമുറ്റത്ത് അവള്‍ തിരിയിട്ട നിലവിളക്കിന്റെ നാളത്തിലെന്നപോലെ ഹൃദയത്തില്‍ സന്ധ്യ ചുവന്നു.

‘അയ്യോ. ഞാന്‍ ശരിക്കും മറന്നിരുന്നു ട്ടോ. ഒട്ടും മനസ്സിലായില്ല. അല്ലെങ്കിലും ഈ ‘ലതു’ എന്ന പേര് എനിക്ക് അറിയില്ലല്ലോ’

‘അതെന്റെ വിളിപേരാ. അത് പോട്ടെ. സുധീഷിനെ കിട്ടിയോ?’

‘സോറി. ഇല്ല. ഞാന്‍ കുറെ അന്വേഷിച്ചു. ആര്‍ക്കും അറിയില്ല അയാളെക്കുറിച്ച്. അന്വേഷണം തുടരുന്നുണ്ട് ട്ടോ’ . ഞാന്‍ ഒരു നുണ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സുധീഷിന്റെ കാര്യം തന്നെ ഞാന്‍ മറന്നു പോയിരുന്നു. അതിനു ശ്രീലതയെ തന്നെ ഓര്‍ത്തിരുന്നില്ലല്ലോ.

‘സാരല്യ. എവിടുന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടിയാല്‍ ഒന്നറിയിക്കണം’
‘അങ്ങനെ ആവാം’

‘വളരെ തിരഞ്ഞിട്ടാ മഹേഷിന്റെ ഫേസ്ബുക്ക് പേജ് കിട്ടിയത്. ഞാന്‍ ചില ലൈക്കും കമന്റും ഒക്കെ ഇട്ടിരുന്നെങ്കിലും ഒന്നിനും മറുപടിയൊന്നും കണ്ടില്ലലോ’

‘ഞാന്‍ ശ്രദ്ധിച്ചില്ല. ഇപ്പൊ ആളെ മനസ്സിലായല്ലോ. ഇനി മറുപടി തരാന്‍ ശ്രദ്ധിക്കാം ട്ടോ’
അങ്ങനെയാണ് ശ്രീലത സുഹൃത്താവുന്നത്. ശുചീന്ദ്രത്തില്‍ കളഞ്ഞുപോയ സുഖകരമായ ഒരു കനവ് തിരികെകിട്ടിയത് വീണ്ടും കളയാന്‍ മനസ്സ് വന്നില്ല. അതുകൊണ്ട് ഫേസ്ബുകിലും വാട്‌സപിലുമൊക്കെ ആയി അവളെ കൂടെനിര്‍ത്തി. ആ സൗഹൃദം പുരോഗമിക്കവേ അവളെ ഒരിക്കല്‍ കൂടി ഒന്ന് നേരിട്ട് കാണണമെന്ന് മനസ്സ് വാശി പിടിച്ചു തുടങ്ങി.

‘അടുത്ത മാസം ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം തുടങ്ങുകയല്ലേ. വരുന്നോ’. ഒന്നു മടിച്ചാണ് മെസ്സേജ് അയച്ചത്.

ഉത്തരം പെട്ടെന്നായിരുന്നു. ‘തീര്‍ച്ചയായും. ഞാന്‍ എല്ലാ വര്‍ഷവും പോവാറുണ്ട്. ഒരാഴ്ച അവിടെയുണ്ടാവും. വരുന്നോ? കാണാമല്ലോ’

‘ഞാനും ഇപ്രാവശ്യം വരണമെന്ന് ആലോചിക്കുകയായിരുന്നു’

‘സംഗീതം കേള്‍ക്കാനോ അതോ എന്നെ കാണാനോ?’
അത് പ്രതീക്ഷിച്ചതായിരുന്നില്ല.

‘സംഗീതം കേള്‍ക്കുകയും സഖിയെ കാണുകയും ആവാമല്ലോ’

‘ആവാം. രാധാകൃഷ്ണന്റെ സന്നിധി തന്നെ അതിനുത്തമം. പിന്നെ വരുമ്പോള്‍ സുധീഷിന്റെ കാര്യം മറക്കരുത് ട്ടോ’. അപ്പുറത്ത് ചിരിയുടെ മഞ്ചാടിമണികള്‍ ഉരുണ്ടുകളിച്ചു.

കഴിഞ്ഞ വൈശാഘത്തിലെ ഒരു വാരാന്ത്യത്തിലാണ് ഗുരുവായൂര്‍ സന്നിധിയിലെത്തിയത്. പടിഞ്ഞാറെ നടക്കല്‍ അവള്‍ എന്നെ കാത്തു നിന്നിരുന്നു. ഇതിനു മുന്‍പ് ഒരിക്കല്‍മാത്രം കണ്ടിട്ടുള്ള ആ മുഖം പക്ഷെ തിരിച്ചറിയാന്‍ ഒരു വിഷമവും ഉണ്ടായില്ല. അല്‍പനേരം കണ്ണുകള്‍ മാത്രം സംസാരിച്ചു. പിന്നെ നിറഞ്ഞ ആ ചിരി പ്രസാദമായി വാങ്ങി.

‘എന്താ ഒരു സര്‍പ്രൈസ്ഡ് ലുക്ക് ഉണ്ടല്ലോ മുഖത്ത്’

സത്യത്തില്‍ ഞാന്‍ ഏതാനും നിമിഷങ്ങളില്‍ സ്വപ്നാടനത്തിലായിരുന്നു.

‘വീണ്ടും കാണുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല’

‘ഞാനും’

‘അല്പം സ്വാതന്ത്ര്യമെടുത്തതില്‍ വിരോധമൊന്നുമില്ലല്ലോ അല്ലെ’

‘സെര്‍ടന്‍ലി നോട്ട്. സന്തോഷമേ ഉള്ളു’. എങ്കിലും അറിയാതെ അകത്തൊരു ഭയപ്പാടിന്റെ കരട്. പരിചയക്കാര്‍ ആരെങ്കിലും…

‘എന്റെ ഒരു സുഹൃത്തിന്റെ കച്ചേരി ഉണ്ട് ഇപ്പോള്‍. വരൂ ഓഡിറ്റോറിയത്തിലേക്ക് പോകാം. അത് മിസ്സ് ആവണ്ട’

അവള്‍ക്കു പിന്നാലെ നടന്നു തുടങ്ങിയപ്പോഴും മനസല്പം ചഞ്ചലമായിരുന്നു. അകത്തെവിടെയോ ഒരു അരുത് ശബ്ദമില്ലാതെ തേങ്ങി.

മണ്ഡപത്തിനുള്ളിലേക്ക് കടക്കുമ്പോഴേക്കും ആലാപനം തുടങ്ങിയിരുന്നു. പുറകിലെ വരിയില്‍ അവളുടെ അരികിലിരിക്കുമ്പോഴും ചുറ്റുമൊന്നു വെറുതെ കണ്ണോടിച്ചു. രാഗവിസ്താരത്തില്‍ അവള്‍ അലിഞ്ഞില്ലാതായിരിക്കുന്നു. ഞാന്‍ ആ തിരക്കിലും എന്തോ ഒറ്റപ്പെട്ടപോലെ. നെഞ്ചിനുള്ളിലെ പക്കമേളം വേദിയിലെ വായ്പ്പാട്ടിനെ പിന്‍വരിയിലേക്ക് തള്ളി. കനലില്‍ കാല്‍വെച്ചപോലെ മനസ് പൊള്ളിയപ്പോള്‍ എഴുന്നെല്കാനാഞ്ഞു. പെട്ടെന്നാണ് ആ കൈകള്‍ അരുതെന്ന് വിലക്കി എന്റെ കൈകളില്‍ പതുക്കെ അമര്‍ന്നത്. പിന്നെ മുഖം ഇടത്തോട്ടു ചരിച്ച് എന്റെ കണ്ണുകളിലേക്കവള്‍ പുഞ്ചിരിച്ചു. കച്ചേരി കഴിയട്ടെ എന്ന് ആ വിരലുകള്‍ എന്റെ ഉള്ളംകൈയ്യില്‍ നുള്ളി. ആ സ്പര്‍ശന സുഖത്തില്‍ ഞാന്‍ പിന്നെ അവിടെ അതേ ഇരിപ്പിരുന്നു. പിന്നീടെപ്പോഴോ അവള്‍ തട്ടി ഉണര്‍ത്തുന്നതുവരെ.

പുറത്തിറങ്ങുമ്പോള്‍ പോക്കുവെയില്‍ മാഞ്ഞിരുന്നു. ഹോട്ടലിലേക്കുള്ള ഇടവഴിയിലൂടെ ചേര്‍ന്ന് നടക്കുമ്പോള്‍ അവള്‍ ഇടമുറിയാതെ സംസാരിച്ചുകൊണ്ടിരുന്നു. ഞാനും അപ്പോഴേക്കും എന്റെ മൌഡ്യത്തില്‍നിന്നും പുറത്ത് കടന്നിരുന്നു. എന്നെക്കുറിച്ചും, എന്റെ കുടുംബത്തെക്കുറിച്ചും, ജോലിയെക്കുറിച്ചും ഒക്കെ അവള്‍ ചോദിച്ചറിഞ്ഞു. പിന്നെ പെട്ടെന്നവള്‍ തിരിഞ്ഞു നിന്ന് ഒട്ടും പ്രതീക്ഷിക്കാതിരിക്കെ ചോദിച്ചു.
‘സുധീഷിനെ കിട്ടിയോ?’

‘ല്ല്യ ട്ടോ. ഞാന്‍ ശ്രമിക്കുന്നുണ്ട്’. അല്പം കുറ്റബോധത്തോടെ ഞാന്‍ പറഞ്ഞു.
‘സാരല്യ. ഞാന്‍ ചോദിച്ചൂന്നേള്ളൂ. കിട്ടുമ്പോ പറഞ്ഞാമതി’. അത് പറഞ്ഞ് അവള്‍ നടത്തം തുടര്‍ന്നു.

‘ഒരു കാര്യം ചോദിക്കട്ടെ?’

‘ചോദിക്കൂ’

‘ഈ സുധീഷുമായി എന്താ ബന്ധം?’

‘ഓ അങ്ങനെ പറയത്തക്ക ബന്ധമൊന്നൂല്യ. നിങ്ങള്‍ സേം കോളെജില്‍ ആണെന്നറിഞ്ഞപ്പോള്‍ ചോദിച്ചൂ എന്ന് മാത്രം’

‘അത് നുണ. എന്തെങ്കിലും ഒരു കഥ കാണണം. ഒന്ന് പറയടോ. ഒന്നൂല്ലെങ്കിലും ഞാന്‍ ഒരു ഹംസം ആയി അവതരിച്ചിരിക്കല്ലേ ഇപ്പൊ’
ഒരു ചെറുചിരിയോടെ അവള്‍ എന്നെ നോക്കി.

‘ഹംസം സന്ദേശം അതേപടി എത്തിക്കൂലോ അല്ലേ?’

‘എന്താ സംശയം. കഥ പങ്കിട്ടാല്‍ ഒരാഴ്ചക്കുള്ളില്‍ സുധീഷിനെ ഈ സമക്ഷം എത്തിച്ചിരിക്കും. സത്യം.’

അങ്ങനെയാണ് ഫോര്‍ട്ട് പാലസിന്റെ പുല്‍തകിടിയിലെ കോഫീ ടേബിളില്‍ കാപ്പിയുമായി ഇരുന്ന് അവള്‍ തന്റെ മനസ്സ് എനിക്കുമുന്നില്‍ തുറന്നത്.

‘എന്റെ ആദ്യ കാമുകനാണ് സുധീഷ്’

‘ഓ കണ്ടോ കണ്ടോ കഥകള്‍ വരുന്നത്’. ഞാന്‍ കുസൃതിയോടെ ചിരിച്ചു
അവളുടെ മുഖം തുടുത്തു.

‘ആദ്യ കാമുകന്‍ എന്ന് വെച്ചാല്‍, അപ്പൊ എത്ര കാമുകന്‍മാരുണ്ടായിരുന്നു?’

‘അയ്യോ. അങ്ങനെ അല്ല. തിരുത്ത്. ആദ്യത്തെയും അവസാനത്തെയും കാമുകന്‍’

‘അതെന്താ, വിളയും മുന്‍പേ പ്രണയം വിലാപമായോ’

‘പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് എഴുത്ത് കൊടുത്ത് അവളുടെ ജീവിതം കുളമാക്കിയ പ്രണയത്തെക്കുറിച്ച് വിലാപകാവ്യമല്ലാതെ മറ്റെന്തെഴുതാന്‍’. ചിരിച്ചു കൊണ്ടാണ് അവളതു പറഞ്ഞതെങ്കിലും അവളുടെ കണ്ണുകളില്‍ വിഷാദത്തിന്റെ നനവ് ആ സന്ധ്യയുടെ നനുത്ത ഇരുട്ടിലും എനിക്ക് കാണാമായിരുന്നു.

‘സോറി. ഒരു ദുരന്ത കഥയാണെങ്കില്‍ പറയണമെന്നില്ല ട്ടോ’

‘ഹേയ്, അങ്ങനെ ഒന്നുമില്ല’

പിന്നെ അവളുടെ നാട്ടുവഴികളിലൂടെ എന്നെയും കൂട്ടി അവള്‍ ഏറെ ദൂരം തിരിച്ചു നടന്നു.
തന്റെ ജീവിതത്തിന്റെ ജാതകം രചിക്കപ്പെട്ട ദുരന്തസായാഹ്നം എന്ന് അവള്‍ അടയാളപ്പെടുത്തിയ ആ വൈകുന്നേരം, സുന്ദരിയായ, മിടുക്കിയായ, ആമ്പല്‍പ്പൂപോലെ അകംവെളുത്ത പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവന്നത് കരഞ്ഞു കലങ്ങിയ കണ്ണുകളോടെയായിരുന്നത്രേ. അച്ഛനടക്കമുള്ള കോലോത്തെ ആണുങ്ങളിരിക്കുന്ന ആഡ്യസദസ്സിനുമുന്നില്‍ നാലായി മടക്കിയ ഒരു കടലാസും കയ്യില്‍ ചുരുട്ടി അവള്‍ സങ്കോചത്തോടെ തലതാഴ്ത്തി നിന്നു

പിന്നെ അവളുടെ തേങ്ങലുകള്‍ അടുക്കളച്ചുമരുകള്‍ക്കുള്ളില്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കെ ഉമ്മറത്ത് സുധീഷെന്ന ഒരു ബിരുദ വിദ്യാര്‍ഥി അയാള്‍ക്കിഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ കൈകളിലേക്ക് നീട്ടിയ പ്രണയാഭ്യര്‍ത്ഥന അവളുടെ അച്ഛന്റെ കൈകളിലിരുന്ന് വിറച്ചു. വിചാരണയ്‌ക്കൊടുവില്‍ പെണ്ണിന്റെ വിദ്യാഭ്യാസത്തിന് പൂര്‍ണവിരാമ0 വിധിയായി.

കൃത്യം രണ്ടുമാസം തികയുന്ന ദിവസം അവള്‍ തന്നെക്കാള്‍ പതിനഞ്ചു വയസ്സിനു മൂപ്പുള്ള ഹരിദേവരാജക്കുമുമ്പില്‍ വിവാഹപ്പന്തലില്‍ തല കുനിച്ചു നിന്നു. പെണ്‍ജന്മം ഇഴയേണ്ട ജന്മമെന്ന ബോധ്യം തന്റെ ബോധങ്ങളിലൊക്കെ ജന്മനാല്‍ കോറിയിട്ട എലപ്പുള്ളി വലിയ കോവിലകത്തെ പാഴ്ജന്മം അവളെ കൈപിടിച്ചുകൊണ്ടുപോയത് ആദിയിലിന്നുവരെ പ്രണയത്തിന്റെ തുള്ളിപോലും നനയിച്ചിട്ടില്ലാത്ത ഊഷരതയിലേക്കായിരുന്നുവെന്ന വൈപരീത്യത്തിനുമുന്നില്‍ അവള്‍ പിന്നെ ഏറെക്കാലം പകച്ചുനിന്നു.

ശബ്ദം ഇടറിത്തുടങ്ങിയപ്പോള്‍ ശ്രീലത നിര്‍ത്തി. കണ്ണില്‍ കരിമഷിയെഴുതിയ പതിനാറുകാരിയായി അവള്‍ നിര്‍ത്താതെ തേങ്ങി. പിന്നെ എന്റെ മുന്നില്‍ കണ്ണുകളടച്ച് ഏറെനേരമിരുന്ന അവളുടെ കവിളുകളില്‍ കണ്ണീരുണങ്ങി.
നീണ്ട നിശബ്ദത അലോസരപ്പെടുത്തിതുടങ്ങിയപ്പോഴാണ് ഞാന്‍ ശബ്ദിച്ചത്.

‘ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും നഷ്ടപ്രണയത്തെക്കുറിച്ച് ഹൃദയം തേങ്ങുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വളരെ ഗാഡമായ ഇഷ്ടമായിരുന്നിരിക്കണം അത് അല്ലെ?’

‘ഹൃദയം തേങ്ങുന്നത് നഷ്ടപ്പെട്ട എന്റെ ജീവിതത്തെക്കുറിച്ചോര്‍ത്താണ് മഹേഷ്. അല്ലാതെ ആ കൌമാര പ്രണയത്തെക്കുറിച്ചോര്‍ത്തല്ല.’

അത് ഞാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല.

‘സുധീഷിനെ ലതുവിന് ഇഷ്ടമായിരുന്നോ?’

അവള്‍ പെട്ടെന്ന് തലയുയര്‍ത്തി എന്നെ നോക്കി. തികച്ചും അബോധമായി വന്ന ലതുവെന്ന ആ സംബോധനകേട്ട് ആ കണ്ണീരിലും അവളുടെ കണ്ണുകളില്‍ പുഞ്ചിരി മിന്നി
‘അറിയില്ല. പ്രണയമെന്ന വികാരത്തെ തിരിച്ചറിയാന്‍ മാത്രം ഞാന്‍ അന്ന് വളര്‍ന്നിരുന്നില്ല എന്ന് പറയുന്നതാവും ശരി’.

‘സുധീഷ് തന്നെ പ്രണയിക്കുന്നുവെന്നു പറഞ്ഞിരുന്നോ?’

‘ഉം. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു സ്‌കൂള്‍ പ്രണയ ചാപല്യമെന്നോ മറ്റോ പറയാവുന്ന അയാളുടെ ഒരു സാഹസം. പതിവ് അനുരാഗകഥകളിലെന്ന പോലെ അവനും എന്റെ വീടിന്റെ വേലിക്കരികില്‍ ഒളിഞ്ഞുനോക്കിയും, ഇടവഴിയില്‍ കണ്ടുമുട്ടാന്‍ കാത്തുനിന്നും, കോളേജില്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയും ഒക്കെ പിന്നാലെ ഉണ്ടായിരുന്നു. പക്ഷെ അവന്‍ അന്ന് ഒരു എഴുത്തെടുത്ത് എന്റെ കയ്യില്‍ വെച്ചപ്പോള്‍ എന്തോ ഞാന്‍ ആകെ പകച്ചുപോയി. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെയാണ് നേരെചെന്ന് അത് വീട്ടില്‍ പറഞ്ഞത്. ആ മണ്ടത്തരം ഓര്‍ത്ത് ഞാന്‍ പിന്നീട് എന്നെത്തന്നെ എത്രയോവട്ടം ശപിച്ചിട്ടുണ്ട്’.

‘സുധീഷിനെ പിന്നെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’

‘ഇല്ല. വിവാഹ0 കഴിഞ്ഞ് ഞാന്‍ എന്റെ ഹസ്ബന്റിന്റെ സ്ഥലത്തേക്ക് മാറി. പിന്നെ ഒരിക്കലും സുധീഷിനെ കണ്ടിട്ടില്ല. അയാള്‍ ഒരിക്കലും എന്നെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല’

‘എപ്പോഴെങ്കിലും സുധീഷിനെ കാണണമെന്ന് തോന്നിയിട്ടുണ്ടോ?’
അവള്‍ അതിനുത്തരം പറയാതെ കുറെ നേരം മറ്റെവിടെയോ നോക്കിയിരുന്നു. ഓര്‍മകളില്‍ ചികയുന്നതുപോലെ.

‘ഒരിക്കല്‍. അഞ്ചുവയസ്സായ എന്റെ മകളുടെ കൈപിടിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ പുറത്ത് ഒരു രാത്രിമഴയിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഞാന്‍ അവനെ ഓര്‍ത്തുപോയി. ആദ്യമായി. പെരുവഴിയിലേക്ക് കാലുകള്‍ നീട്ടിവെച്ച എനിക്ക് പിന്നില്‍ അന്ന് ആ വീട്ടിന്റെ വരാന്തയില്‍ നിരാശയുടെ അഗ്‌നിപടര്‍ന്ന രണ്ടു കണ്ണുകള്‍ എന്നെത്തന്നെ പിന്തുടര്‍ന്നിരുന്നു. പടിപ്പുര കടക്കുന്നത് വരെ. മദ്യപിച്ചു ബോധം മറഞ്ഞു കിടന്ന എന്റെ ഭര്‍ത്താവ് സ്വന്തം ഭാര്യയെ പ്രാപിക്കാനായി ക്ഷണിച്ചുകൊണ്ടുവന്നു സല്‍ക്കരിച്ച മറ്റൊരു മൃഗത്തിന്റെ കാമം കത്തിയ കണ്ണുകള്‍. ഞാനന്ന് ആ മഴയിലേക്ക് ഇറങ്ങിയത് സഹിക്കാവുന്നതിന്റെ അതിരുകളെല്ലാം എന്നോ താണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവിലായിരുന്നു. അവന്റെ ശാപമായിരുന്നിരിക്കണം. പിന്നീട് ജീവിതം വെല്ലുവിളിച്ച പല സന്ധികളിലും അവന്റെ ഒരു വിളി വന്നിരുന്നെങ്കിലെന്ന് വെറുതെ പ്രതീക്ഷിച്ചിരുന്നു. ജീവിതത്തെ തോല്‍പ്പിക്കാന്‍ വീണ്ടും കോളേജിന്റെ കാമ്പസുകളില്‍ ഒരുതരം വാശിയോടെ ഒന്നിന് പുറകെ ഒന്നായി ബിരുദങ്ങളും എം.ഫിലും ഒക്കെ എടുക്കുമ്പോഴും ഒറ്റക്കിരുന്ന പല രാത്രികളിലും അവന്റെ ഒരു വിളിക്കായി ചെവിയോര്‍ത്തിരുന്നു. കുത്തുവാക്കുകളുടെ കൂര്‍പ്പുകള്‍ കൊത്തിവലിച്ചപ്പോഴും, അശ്ലീലതയുടെ നോട്ടങ്ങള്‍ അതിരുകള്‍ കീറിയപ്പോഴും ആ ഒരു വിളിക്കായി മനസ്സ് തേങ്ങിയിരുന്നു. ഒരിക്കലും വരില്ലെന്നറിയാമായിരുന്നെങ്കിലും’
കൂരിരുട്ടില്‍ കണ്ണുകളില്‍ തീഷ്ണ വെളിച്ചം വീണ പൂച്ചയെപോലെ ഞാന്‍ മനസ്സും ശരീരവും മരവിച്ചവിടെയിരുന്നു. ഞാനൊരിക്കലും സ്വപ്നങ്ങളില്‍ പോലും അറിഞ്ഞിട്ടില്ലാത്ത ജീവിതത്തിന്റെ ആഴങ്ങളില്‍ ധീരമായി ഒറ്റയ്ക്ക് പൊരുതി നിവര്‍ന്ന അവരോട് എന്താണ് പ്രതിവചിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. ആരാധനയോ വിസ്മയമോ ബഹുമാനമോ ഇഷ്ടമോ എന്തൊക്കെ ആയിരുന്നു എന്റെ ഉള്ളില്‍ അപ്പോള്‍ പകര്‍ന്നാടിയ ഭാവങ്ങളെന്ന് എനിക്ക് തീര്‍ച്ചയില്ലായിരുന്നു.

സുധീഷിനെ എന്തായാലും കണ്ടുപിടിച്ചു കൊടുക്കാമെന്ന ഉറപ്പുകൊടുത്താണ് ഞങ്ങള്‍ അന്ന് പിരിഞ്ഞത്. അതെന്റെ ഉത്തരവാദിത്തമാണെന്നു മനസ്സ് പറഞ്ഞു.

ഗുരുവായൂരില്‍ നിന്ന് തിരികെവന്ന ദിവസങ്ങളില്‍ ഞാന്‍ പതിവിലുമേറെ സമയം എന്റെ കമ്പ്യൂട്ടറില്‍ ലോകം മുഴുവന്‍ ചുറ്റി നടന്നു. സുധീഷിനു വേണ്ടിയുള്ള അന്വേഷണവുമായി. ഒരിക്കലും പിടിതരാതെ സുധീഷ് എവിടെയോ ഒളിച്ചിരുന്നു.
പക്ഷെ ലതു എന്നും എനിക്ക് ‘ലൈക്കുകള്‍’ തന്ന് എന്റെ കൂടെയുണ്ടായിരുന്നു. എന്റെ ഫോണിലും ഫേസ്ബുക്കിലും ഇ-മെയിലിലും അവള്‍ എന്നും വിശേഷം പറഞ്ഞു. നുറുങ്ങുകളും സന്തോഷങ്ങളും പരിഭവങ്ങളു0 പങ്കുവെച്ച് ഞാന്‍ അവളുടെ സുഹൃത്തിനും മുകളിലെന്തോ ആയി. പത്മനാഭസ്വാമി ക്ഷേത്രത്തിലും, ഗുരുവായൂരിലും, കാടാമ്പുഴയിലും ഞങ്ങള്‍ പലതവണ ഒന്നിച്ചു പ്രസാദം വാങ്ങി. ഉറക്കമൊഴിഞ്ഞ രാവുകളില്‍ അരികിലിരുന്ന് കച്ചേരിയും, കൃഷ്ണനാട്ടവും, കഥകളിയും കണ്ടു.
പൂരനാളില്‍ വടക്കുന്നാഥന്റെ സന്നിധിയില്‍ മേളക്കൊഴുപ്പില്‍ അലിഞ്ഞുചേരാനായി വന്ന ദിവസം അവള്‍ കുത്താംമ്പുള്ളിയില്‍ നിന്ന് പ്രത്യേകം പറഞ്ഞു നെയ്‌തെടുത്ത ഒരു കസവുമുണ്ട് കൊണ്ടുവന്നിരുന്നു.

‘ഇതിരിക്കട്ടെ’. അവള്‍ അത് എന്റെ നേരെ നീട്ടി. അല്പം ജാള്യത്തോടെ.

‘എന്തിനാ ഇത്?’

‘വെറുതെ. ഇരിക്കട്ടെ. ഇനി അഥവാ എപ്പഴെങ്കിലും സുധീഷിനെ കാണുമ്പോ എന്റെ വക ആണെന്ന് പറഞ്ഞു കൊടുക്കാലോ’

‘ആയ്‌ക്കോട്ടെ. കളിയാക്കൊന്നും വേണ്ട. ഞാന്‍ ഒരു ദിവസം എന്തായാലും സുധീഷിനെ കണ്ടുപിടിച്ചു ഈ തിരുമുന്‍പില്‍ നിര്‍ത്തി തരും. പോരേ?’

‘ഉവ്വുവ്വ്. എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലാ ട്ടോ. ഇനീപ്പോ അറിഞ്ഞിട്ടും എന്നോട് പറയാതിരിക്കാണോ എന്നാ പ്പൊ എന്റെ സംശയം’. ഒരു ചിരിയോടെ അവള്‍ എന്നെ വെല്ലുവിളിച്ചു

‘അങ്ങനെ പറയരുത് ട്ടോ. ഞാന്‍ എല്ലാവടെം അന്വേഷിക്കുന്നുണ്ട്’

‘അയ്യോ ഞാന്‍ വെറുതെ ഒരു തമാശ പറഞ്ഞതാ. അതിന് പരിഭവിക്കണ്ട. എനിക്കറിയാം, എങ്ങനെങ്കിലും സുധീഷിനെ കണ്ടു പിടിക്കാനുള്ള തത്രപ്പാടില്‍ ആവും മഹേഷ് എന്ന്. ഒഴിഞ്ഞു കിട്ടൂലോ’ അവള്‍ കണ്ണുകളിറുക്കി കളി പറഞ്ഞു.

‘ലതുവിനായി കല്യാണസൌഗന്ധികം ഈ ഭീമന്‍ തീര്‍ച്ചയായും കൊണ്ടുവന്നിരിക്കും’. എന്റെ ഭീഷ്മപ്രതിജ്ഞ്യ കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു. നിറഞ്ഞുനില്‍ക്കുന്ന അമ്പലക്കുളത്തിനു നടുവില്‍ വിരിഞ്ഞു നില്‍ക്കുന്ന താമര പോലെയുള്ള അവളുടെ ചിരിയില്‍ എന്റെ മനസ്സ് നിറഞ്ഞൊഴുകി.

കല്യാണസൌഗന്ധികം പക്ഷെ കൈയ്യെത്താതെ അകന്നുതന്നെ നിന്നു. ഹനുമാന്റെ വാലുയര്‍ത്താന്‍ കഴിയാത്ത ഭീമനെപ്പോലെ ആശയറ്റ ഞാന്‍ എന്റെ ലാപ്‌ടോപ്പുമായി കാടിളക്കി.

അപ്പോഴും ലതുവിന്റെ സന്ദേശങ്ങളും, സംഭാഷണങ്ങളും, സന്ദര്‍ശനങ്ങളും എന്റെ ദിവസങ്ങള്‍ക്കും, ആഴ്ചകള്‍ക്കും, മാസങ്ങള്‍ക്കും നിറം പകര്‍ന്നു കൊണ്ടിരുന്നിരുന്നു. അതുകൊണ്ടാണ് ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളായി ലതുവിനുള്ള എന്റെ മെസ്സേജുകള്‍ക്ക് മറുപടിയില്ലാഞ്ഞത് എന്നെ ഏറെഅസ്വസ്ഥനാക്കാന്‍ തുടങ്ങിയത്.

അന്ന് മൂന്നാം ദിവസവും മെസ്സേജുകള്‍ മറുപടിയില്ലാതെ തൂങ്ങികിടന്നു. ഇടക്ക് രണ്ടു മൂന്ന് പ്രാവശ്യം ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അവളെ കിട്ടിയില്ല. സന്ധ്യ കനത്തപ്പോള്‍ ഒരിക്കല്‍ക്കൂടി അവസാനമായി ഒന്ന് നോക്കാമെന്ന് കരുതിയാണ് വിളിച്ചത്. അപ്പുറത്ത് ഫോണ്‍ എടുത്തപ്പോള്‍ പരിഭവം പറയാന്‍ ഓങ്ങിയതാണ്. അപ്പോഴാണ് പെട്ടെന്ന് ഒരു പെണ്‍കുട്ടിയുടെ ശബ്ദം ഇങ്ങോട്ട് ചോദ്യമെറിഞ്ഞത്.

‘ഹല്ലോ. ആരാണ്?’

‘ടീച്ചര്‍ ഉണ്ടോ?’

‘അമ്മ ഉറങ്ങുകയാണ്’

‘എന്നാല്‍ ഞാന്‍ പിന്നെ വിളിക്കാം’

‘ആര് വിളിച്ചൂന്നു പറയണം?’

‘കോളേജില്‍ നിന്നാണ്. ഒരു കൊളീഗ് ആണ് എന്ന് പറഞ്ഞാല്‍ മതി’.

‘സാര്‍ വിളിച്ചത് നന്നായി. അമ്മ പെട്ടെന്ന് ഇന്നലെ രാത്രി കുഴഞ്ഞു വീണു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. സ്‌ട്രോക്ക് ആണ്. മെഡിക്കല്‍ ഐ.സി.യു വില്‍ ആണിപ്പോള്‍. മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍. കോളേജില്‍ ഒന്ന് വിവരം പറയണം’
ഞാന്‍ ഒന്ന് വല്ലാതായി. ഒന്നും പറയാതെ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തു. നുണ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി. പിന്നെ മനസ്സ് മുഴുവന്‍ ലതുവിലേക്ക് മാത്രമായി ചുരുങ്ങി. ഒന്ന് പോയി കണ്ടേ മതിയാവൂ.

മെഡിക്കല്‍ ഐ.സി.യുവിനു പുറത്ത് കാത്ത് നിന്നു. എല്ലാവരും പുറത്ത് വന്നപ്പോള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തി ഞാന്‍ പതുക്കെ ഉള്ളിലേക്ക് കടന്നു.
അനങ്ങാതെ കിടക്കുന്ന ശ്രീലതയെ നോക്കി അവിടെത്തന്നെ നിന്നു. പിന്നെ പതുക്കെ വിളിച്ചു.

‘ലതൂ…’

പെട്ടെന്ന് തലതിരിച്ചവള്‍ എന്നെ നോക്കി. കണ്ണുകളില്‍ സൂര്യ വെളിച്ചം. കുറച്ചുനേരം ആ കൈകള്‍ പിടിച്ചു കിടക്കയില്‍ അരികിലിരുന്നു. ഞങ്ങള്‍ പരസ്പരം ഒന്നും പറഞ്ഞില്ല. പക്ഷെ ആ കണ്ണുകള്‍ സംസാരിച്ചുകൊണ്ടേ ഇരുന്നു. സന്ദര്‍ശക സമയം കഴിഞ്ഞെന്നു നഴ്‌സ് ഓര്‍മിപ്പിക്കുന്നതുവരെ.

പോകാനായി എഴുന്നേല്‍ക്കുമ്പോള്‍ അവളുടെ കൈയില്‍ അമര്‍ത്തി തല അവളുടെ മുഖത്തോടു ചേര്‍ത്ത് പതുക്കെ മന്ത്രിച്ചു.

‘ഒരാഴ്ചക്കുള്ളില്‍ സുധീഷിനെ എവിടെയുണ്ടെങ്കിലും തേടിപ്പിടിച്ചു തന്റെ അരികിലെത്തിക്കാം. പോരേ? ഇത് ഞാന്‍ സത്യമായിട്ടു പറയുന്നതാ’.
അത്രയും പറഞ്ഞ് അവളുടെ മുഖത്ത് നോക്കാതെ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയപ്പോള്‍ അവളുടെ നനുത്ത വിരലുകള്‍ എന്റെ കൈയില്‍ ഉടക്കി. ഞാന്‍ തിരിഞ്ഞു നിന്നു. എന്റെ വിരലുകളില്‍ അവളുടെ പിടുത്തം മുറുകി. ഞാന്‍ ഒന്നും പറയാതെ അവളുടെ കണ്ണുകളില്‍തന്നെ നോക്കി നിന്നു. പതുക്കെ ആ തലമുടി ഇഴകളില്‍ തലോടി. അവള്‍ കണ്ണുകള്‍ അടച്ച് കിടന്നു. അവള്‍ എപ്പോഴോ മയക്കത്തിലേക്ക് വഴുതിയപ്പോള്‍ ഞാന്‍ പുറത്തേക്ക് നടന്നു. വാതില്‍ക്കല്‍ എത്തിയപ്പോഴും ഒന്നുകൂടി തരിഞ്ഞു നോക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. മനസ്സ് അപ്പോഴും പിടക്കുന്നുണ്ടായിരുന്നു.
അന്ന് രാത്രി മുഴുവന്‍ മനസ്സില്‍ തുലാവര്‍ഷം തിമര്‍ത്തു പെയ്തു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴും മേഘങ്ങള്‍ ഒഴിഞ്ഞിരുന്നില്ല. ആകെ ഒരു വിങ്ങല്‍.
പത്രം എടുത്തു മേശപ്പുറത്തു വെച്ചു. പിന്നെ ഫോണിലെ മെസ്സേജുകളിലൂടെ വിരലുകളോടി.

അവളുടെ നമ്പറില്‍നിന്നും മെസേജ് കണ്ടപ്പോള്‍ മനസ്സ് തുടിച്ചു. ഇന്നു പുലര്‍ച്ചെ വന്ന മെസേജ്.

ആര്‍ത്തിയോടെയാണ് ഞാനത് തുറന്നത്.

‘അമ്മ ഇന്നലെ രാത്രി മരിച്ചു. താങ്കളെക്കുറിച്ച് അമ്മ ഓര്‍മിച്ചു. അമ്മയുടെ ഈ സുഹൃത്ത് അടുത്ത ജന്മത്തിലും കൂടെ ഉണ്ടാവണമെന്ന് ഓര്‍മിപ്പിക്കാന്‍ പറഞ്ഞാണ് അമ്മ മറഞ്ഞത്. അവസാന കാലമെങ്കിലും ആ വരണ്ടുപോയിരുന്ന മനസ്സില്‍ പ്രണയത്തിന്റെ കുളിര്‍മഴ പെയ്യിച്ചതിന് നന്ദി’.

⏹️⏹️
കഥ -സന്താനഗോപാലം
വായിക്കാം :

സന്താനഗോപാലം

കഥ -ദേജാവു
വായിക്കാം :

ദേജാവു

കഥ -ഭരതന്‍
വായിക്കാം :

ഭരതന്‍

 

കഥ -മേലേടത്തേക്ക് ഒരു അതിഥി
വായിക്കാം :

മേലേടത്തേക്ക് ഒരു അതിഥി

കഥ -കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്
വായിക്കാം :

കണ്‍ട്രോള്‍ – ആള്‍ട്ട് – ഡിലീറ്റ്

കഥ -ഡീല്‍
വായിക്കാം :

ഡീല്‍

കഥ -പപ്പയുടെ കാമുകി

വായിക്കാം :

പപ്പയുടെ കാമുകി


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.