
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്. ഇന്നലെ രണ്ടു മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയത്. മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കേസില്‍ ഇന്നലെ ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുണ്ടായത്. അത് ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. അതേസമയം രാഹുല്‍നെതിരെ നിരന്തരം ഇത്തരം പരാതികളാണെന്നും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്‌പര സമ്മതത്തോടെയാണെന്ന് പറഞ്ഞ പ്രതിഭാഗം എംഎല്‍എയുടെ അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും പറഞ്ഞു.
2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി. മുമ്പ് രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. മുമ്പത്തെ രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് രാഹുലിന് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സംരക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ അത് ഉണ്ടായിരുന്നില്ല. വിധി വരുന്നത് വരെ രാഹുല്‍ ജയിലില്‍ തുടരും.
SUMMARY: 3rd rape case: Verdict on Rahul Mankootil’s bail plea today














