
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.
അതിജീവിതയുടേതെന്ന നിലയിൽ പ്രതിഭാഗം ഹാജരാക്കിയ ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതോടെയാണ് ശനിയാഴ്ച തീരുമാനിച്ച വിധി പ്രഖ്യാപനം ജില്ലാ ജഡ്ജി എൻ ഹരികുമാർ നീട്ടിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
രാഹുലിനെ 14 ദിവസത്തേക്കുകൂടി തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ആദ്യ റിമാൻഡ് കാലാവധി ശനിയാഴ്ച പൂർത്തിയായതോടെ എസ്ഐടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. കേസിൽ ജില്ല കോടതിയിൽ ഇന്ന് തിരിച്ചടി നേരിട്ടാൽ ഇനി ഹൈക്കോടതി മാത്രമാണ് രാഹുലിന് ആശ്രയം.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
SUMMARY: Rape case: Verdict on Rahul Mangkootatil’s bail plea today














