
പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. തനിക്കെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം തേടി പാലക്കാട് എംഎല്‍എ പത്തനംതിട്ട പ്രിൻസിപ്പല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.
തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമർപ്പിച്ച ഹർജി ജനുവരി 17 ശനിയാഴ്ച തള്ളിയതിനെത്തുടർന്ന് മാങ്കൂട്ടത്തില്‍ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം പൂർത്തിയായിരുന്നു. എന്നാല്‍ കേസ് ഡയറിയിലെ വിവരങ്ങള്‍ കൂടുതല്‍ പരിശോധിക്കാനുണ്ടെന്ന് നിരീക്ഷിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. പരാതിക്കാരിയുടേത് എന്ന നിലയില്‍ പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുരുന്നു.
പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുമ്പ് അയച്ച വാട്‌സ്‌ആപ്പ് സന്ദേശമാണ് രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഹാജരാക്കിയത്. ബലാത്സംഗം, ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നിവയുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചത്.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുന്ന രാഹുലിന് ആശ്വാസം നല്‍കുന്നതാണ് വിധി. അതേസമയം, ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
SUMMARY: Third rape case: Rahul Mangkootathil MLA gets bail














