തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നിയമസഭാ മന്ദിരത്തില്‍ ഔദ്യോഗിക തുടക്കമായി. ഇന്ന് രാവിലെ കൃത്യം 9 മണിക്ക് പ്രോടേം സ്പീക്കർ ജി. സുധാകരന്റെ സാന്നിധ്യത്തിലാണ് ചരിത്രപ്രധാനമായ ചടങ്ങുകള്‍ ആരംഭിച്ചത്.
സഭ സമ്മേളിച്ചയുടൻ പ്രോടേം സ്പീക്കർ ജി. സുധാകരൻ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാ ക്രമത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നത്. അക്ഷരമാലാ ക്രമത്തില്‍ സഭയിലെ ആദ്യ അംഗമായ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂറാണ് പുതിയ നിയമസഭയില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട യുവപ്രതിഭകളും ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വരും മണിക്കൂറുകളില്‍ സഭയില്‍ സത്യപ്രതിജ്ഞ ചെയ്യും. നാളെ പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും ഈ മാസം 29-ന് ഗവർണറുടെ ഔദ്യോഗിക നയപ്രഖ്യാപന പ്രസംഗവും നടക്കും.
SUMMARY: Swearing-in of 16th Kerala Legislative Assembly members begins; Abdul Gafoor takes oath first
















