കൊച്ചി: മൂന്ന് പേരുടെ മരണത്തിന് കാരണമായ നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ മുഖ്യ പ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്. 23 വയസിന് താഴെയുള്ളയാള് മദ്യം കഴിച്ചതിനാണ് അറസ്റ്റ്. ജാമ്യത്തില്‍ ഇറങ്ങിയ സുഹൈല്‍ സജീവ് എക്സൈസ് ഓഫീസില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ്.
മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബില്ല് ഇയാള്‍ക്ക് വന്നിരുന്നുവെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. അവിടെയുള്ള സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിരുന്നു. സുഹൈല്‍ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിനുശേഷമാണ് ഇയാള്‍ എക്സൈസിന് മുന്നില്‍ ഹാജരായത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.
ഒക്ടോബര്‍ 11ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍വച്ച് അപകടമുണ്ടായത്. ഒന്നാംപ്രതി സുഹൈല്‍ സജീവ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ച് മൂന്നു പേരാണ് മരിച്ചത്. വാഹനം ഓടിച്ച സുഹൈല്‍ സജീവിനെതിരെ നരഹത്യാ കുറ്റവും കൂടെ ഉണ്ടായിരുന്ന മൂന്നുപേര്‍ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
SUMMARY: Nedumbassery Mini Cooper accident: Excise Department also registers case against accused Suhail
















