ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും ഗണ്യമായി വർധിച്ചെങ്കിലും സാമ്പത്തിക നഷ്ടം ഉയർന്നു. 2025–26 സാമ്പത്തിക വർഷത്തിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 1,710.13 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. മുൻ സാമ്പത്തിക വർഷത്തെ 1,405.67 കോടി രൂപയായിരുന്നു നഷ്ടം. ബിഎംആർസിഎല്ലിന്റെ 20-ാംവാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
2025–26ൽ മെട്രോയിൽ ആകെ 31.05 കോടി യാത്രകൾ രേഖപ്പെടുത്തി. മുൻവർഷത്തെ 27.65 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 12.3 ശതമാനമാണ് വർധന. ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 7.57 ലക്ഷത്തിൽനിന്ന് 8.51 ലക്ഷമായി ഉയർന്നു. 2025 ഓഗസ്റ്റ് 14ന് 10.82 ലക്ഷം പേർ യാത്ര ചെയ്തതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്.
ആർ.വി. റോഡിനെയും ബൊമ്മസന്ദ്രയെയും ബന്ധിപ്പിക്കുന്ന മഞ്ഞ പാതയുടെ പ്രവർത്തനം ആരംഭിച്ചതാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. ഇലക്ട്രോണിക്സ് സിറ്റി ഉൾപ്പെടെയുള്ള പ്രധാന തൊഴിൽമേഖലകളിലേക്ക് മെട്രോ കണക്റ്റിവിറ്റി ലഭിച്ചത് യാത്രക്കാരെ ആകർഷിച്ചു. മഞ്ഞ പാതയിൽ അധിക ട്രെയിനുകൾ ഉൾപ്പെടുത്തിയതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.1 ലക്ഷത്തിലധികമായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.
യാത്രക്കാരുടെ വർധന ടിക്കറ്റ് വരുമാനത്തിലും പ്രതിഫലിച്ചു. 2024–25ൽ 753.59 കോടി രൂപയായിരുന്ന ടിക്കറ്റ് വരുമാനം 2025–26ൽ 1,125.58 കോടി രൂപയായി ഉയർന്നു. ഏകദേശം 49.4 ശതമാനമാണ് വർധന. പരസ്യം, സ്റ്റേഷൻ നാമകരണാവകാശം, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ടെലികോം അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവയിൽനിന്നുള്ള ടിക്കറ്റ് ഇതര വരുമാനം 54.97 കോടി രൂപയിൽനിന്ന് 88.51 കോടി രൂപയായും വർധിച്ചു. ഇതോടെ ആകെ വരുമാനം 1,624.62 കോടി രൂപയിലെത്തി.
എന്നാൽ വായ്പകളുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകളാണ് നഷ്ടം വർധിപ്പിച്ചത്. 2024–25ൽ 560.01 കോടി രൂപയായിരുന്ന സാമ്പത്തിക ചെലവ് 2025–26ൽ 1,793.03 കോടി രൂപയായി ഉയർന്നു. വികസനപദ്ധതികൾക്കായുള്ള വായ്പകളും വിദേശനാണ്യ വിനിമയത്തിലെ വ്യതിയാനങ്ങളും ഉൾപ്പെടെയുള്ള ചെലവുകൾ സാമ്പത്തിക ബാധ്യത വർധിപ്പിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സവകയുമായി ബന്ധപ്പെട്ട ചെലവും 725.36 കോടി രൂപയായി ഉയർന്നു.
അതേസമയം, പ്രവർത്തനതലത്തിൽ ബി.എം.ആർ.സി.എൽ 417.42 കോടി രൂപയുടെ ലാഭവും 209.66 കോടി രൂപയുടെ പണലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്. ട്രെയിനുകളുടെ സമയപാലനനിലവാരം 99.85 ശതമാനമായിരുന്നു. അതായത് യാത്രക്കാരുടെ എണ്ണവും പ്രവർത്തനവരുമാനവും വർധിച്ചിട്ടും വായ്പാ ചെലവുകളും സവകയും ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ കാരണം മൊത്തത്തിലുള്ള കണക്കിൽ നഷ്ടം തുടരുകയാണ്.
SUMMARY: 12.3 percent increase in passenger numbers; figures indicate a loss of Rs 1,710 crore for Namma Metro due to rising operational costs.















