ബെംഗളൂരു: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൃഷ്ണഗിരി ജില്ലയോട് ചേർന്ന കർണാടകയിലെ വിവിധഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. കൃഷ്ണഗിരി ജില്ലയിലെ ഡെങ്കനിക്കോട്ടൈ-ഹൊസൂർ മേഖലയിലാണ് ഭൂചലനം ഉണ്ടായത്.
ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജിയിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച് റീജിയണൽ മെറ്റീരിയോളജിക്കൽ സെന്റർ വ്യക്തമാക്കി. പ്രഭവകേന്ദ്രത്തിന് സമീപമുള്ള കൃഷ്ണഗിരി, ഹൊസൂർ എന്നിവിടങ്ങളിലും കർണാടകയുടെ ചില അതിർത്തി പ്രദേശങ്ങളിലും ജനങ്ങൾക്ക് നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് എവിടെയും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികവിവരം. കൃഷ്ണഗിരിയിലും സമീപത്തെ കർണാടക അതിർത്തി ഗ്രാമങ്ങളിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം ചെറിയ ഭൂചലനങ്ങൾ കെട്ടിടങ്ങൾക്കോ മറ്റ് നിർമ്മിതികൾക്കോ കേടുപാടുകൾ വരുത്താറില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
SUMMARY: Mild earthquake in Krishnagiri in Tamil Nadu; tremors also felt in Karnataka border areas
















