ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഇന്ത്യ സഖ്യ എം.പിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കി. ഇന്ന് രാത്രി 8 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടങ്ങുന്ന 10 അംഗ ജനപ്രതിനിധികളുടെ സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിട്ടുള്ളത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷാണ് വിവരങ്ങള്‍ എക്‌സിലൂടെ പുറത്തുവിട്ടത്. ഒന്നിലധികം തവണ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം പാർലമെന്റ് സെൻട്രല്‍ ഹാളില്‍ ഒത്തുചേർന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ഇന്ത്യ സഖ്യം പദ്ധതിയിട്ടിരുന്നു. ഇതിനിടയിലാണ് വൈകിയാണെങ്കിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചുകൊണ്ട് അറിയിപ്പ് വന്നത്.
എന്നാല്‍, ദിവസം മുഴുവൻ നീട്ടിക്കൊണ്ടുപോയി ഒടുവില്‍ രാത്രി 8 മണിക്ക് സമയം നല്‍കിയത് പ്രതിഷേധത്തിന് ലഭിക്കുന്ന ജനശ്രദ്ധ കുറയ്ക്കാനാണോ എന്ന് കുനാല്‍ ഘോഷ് കുറ്റപ്പെടുത്തി. ഡല്‍ഹിയിലേക്കുള്ള കൊല്‍ക്കത്ത-ഡല്‍ഹി രാജ്ധാനി എക്‌സ്പ്രസ് റദ്ദാക്കിയതായും, മറ്റ് പല ട്രെയിനുകളും വൈകിയോടുന്നതായും പരാതികള്‍ ഉയർന്നിട്ടുണ്ട്. കൂടാതെ ഡല്‍ഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങള്‍ അടച്ചിട്ട നടപടിയെയും പ്രതിപക്ഷം വിമർശിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും, ഒക്ടോബർ 7-ന് ജന്തർ മന്ദിറിലേക്കും പ്രതിപക്ഷം മാർച്ച് നടത്തിയിരുന്നു. തുടർന്ന് രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാർത്ഥിക്കുകയും സമാധാന ധർണയിരിക്കുകയും ചെയ്തിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് ഡല്‍ഹി പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് വേദിയാകുന്നത്.
SUMMARY: Gyanesh Kumar’s resignation; ten opposition MPs granted permission to meet the President
















