ന്യൂഡൽഹി: നേപ്പാളിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കുമായി 15,000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യാ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്കിടെയാണ് വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നേപ്പാളിന് ഇന്ത്യയുടെ കാണ്ട്ല, പാരദീപ് തുറമുഖങ്ങൾ ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് മോദി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, ഗതാഗത ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങൾ. നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ബാലേന്ദ്ര ഷായുടെ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദർശനമാണിത്.
Sharing my remarks during the joint press meet with PM Balendra Shah of Nepal. @ShahBalen @PM_nepal_ https://t.co/dySgHsBGe2
— Narendra Modi (@narendramodi) November 23, 2026
ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി. ചർച്ചകൾക്കു ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് നേപ്പാളിലെ ഭൂകമ്പാനന്തര പുനർനിർമ്മാണത്തിനും സമഗ്ര വികസന പ്രവർത്തനങ്ങൾക്കുമായുള്ള സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്.
പ്രളയബാധിതരായ കുടുംബങ്ങൾക്ക് ജീവിതം തിരിച്ചുപിടിക്കാനും ഭാവിയിലെ വെല്ലുവിളികളെ നേരിടാനും ഈ സാമ്പത്തിക സഹായം കരുത്താകുമെന്ന് അദ്ദേഹം പറഞ്ഞു. .പരസ്പര ബഹുമാനവും ഉറച്ച വിശ്വാസവും അഭേദ്യമായ സൗഹാർദ്ദവുമാണ് ഇന്ത്യ-നേപ്പാൾ ബന്ധത്തിന്റെ അടിത്തറയെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പ്രതികരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇരുരാജ്യങ്ങളുടെയും സൗഹൃദം ആധുനികവൽക്കരിക്കുന്നതിലും കൂടുതൽ ശക്തിപ്പെടുത്തുന്നതിലുമാണ് തിങ്കളാഴ്ചത്തെ ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബാലേന്ദ്ര ഷായുമായി സാമ്പത്തിക സഹകരണം, വ്യാപാര ബന്ധങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ഇന്ത്യൻ വ്യോമപാതയിലൂടെ കൂടുതൽ അന്താരാഷ്ട്ര പ്രവേശന റൂട്ടുകൾ അനുവദിക്കണമെന്ന നേപ്പാളിന്റെ ആവശ്യം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. നേപ്പാളിന്റെ വികസനത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
SUMMARY: Kerala Samajam Karnataka Launches Kannada and Malayalam Language Classes















