കൊച്ചി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. സൗദി അറേബ്യ, ദോഹ, റാസൽ ഖൈമ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇന്നു മുതൽ ഒക്ടോബർ 13 വരെയുള്ള സർവീസുകൾക്കാണ് നിയന്ത്രണം. ആകാശ എയറിന്റെ 5 സർവീസുകൾക്കു പുറമേ ഫ്ലൈനാസ്, ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളുടെ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
11ന് കൊച്ചി–റിയാദ്–കൊച്ചി റൂട്ടിലെ ഫ്ലൈനാസ് എക്സ്വൈ 399, 400, ദോഹയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 476, കൊച്ചിയിൽനിന്ന് ദോഹയിലേക്കുള്ള ഐഎക്സ് 475, കൊച്ചി–റിയാദ് ആകാശ എയർ ക്യുപി 523, കൊച്ചി–ജിദ്ദ ക്യുപി 550, കൊച്ചി–റാസൽഖൈമ ഇൻഡിഗോ 6ഇ 1517 എന്നീ സർവീസുകളാണ് റദ്ദാക്കിയത്. രാത്രി 9.30-ന് പുറപ്പെടേണ്ടിയിരുന്ന സർവീസായിരുന്നു ഇൻഡിഗോയുടേത്. 12ന് ജിദ്ദ–കൊച്ചി റൂട്ടിലെ ആകാശ എയർ ക്യുപി 551, റിയാദ്–കൊച്ചി ക്യുപി 524, കൊച്ചി–റിയാദ് ക്യുപി 523 എന്നീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 13ന് റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള ആകാശ എയർ ക്യുപി 524 സർവീസും റദ്ദാക്കിയതായി സിയാൽ അറിയിച്ചു.
റദ്ദാക്കിയ 10 സർവീസുകളിൽ അഞ്ചും ആകാശ എയറിന്റേതാണ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്ന് സിയാൽ അറിയിച്ചു.
SUMMARY: West Asia conflict: 10 flight services from Kochi cancelled.















