കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. പ്രായപൂര്‍ത്തിയാകാതെ മദ്യം വാങ്ങി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് എക്‌സൈസ് കേസെടുത്തത്. രണ്ടുവര്‍ഷം തടവും 5,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെയും പോലീസിന്റെയും തീരുമാനം.
സുഹൈലിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ ലഭിച്ചശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. സുഹൈലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് എംവിഡിയും കടന്നിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയില്‍ സുഹൈല്‍ സജീവ് ഓടിച്ച മിനി കൂപ്പര്‍ കാര്‍ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. തൃക്കാക്കര കരകൗശല വില്‍പനശാലയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരായിരുന്നു മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളും. സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം രാത്രിയില്‍ ചായ കുടിച്ച് മടങ്ങിവരവെയാണ് അപകടമുണ്ടായത്.
അപകട സമയം സുഹൈലിനൊപ്പം മൂന്ന് സുഹൃത്തുക്കള്‍ കൂടിയുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ അപകടത്തിന് തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റ് രണ്ട് പേര്‍ കൂടി കാറിലുണ്ടായിരുന്നുവെന്ന് വ്യക്തമായത്. തുടര്‍ന്ന് ആലപ്പുഴ സ്വദേശികളായ ജോയല്‍, അമീന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വാഹനം ഓടിച്ച സുഹൈൽ സജീവ് മദ്യപിച്ച ബാറുകൾക്ക് എതിരെ എക്സൈസ് കേസ് എടുത്തിട്ടുണ്ട്. 3 ബാറുകൾക്കെതിരെയാണ് കേസ്. എറണാകുളം എക്സൈസ് ഡിസിയുടെ നേതൃത്വത്തിലാണ് നടപടി. 19 വയസ്സുള്ളവർക്ക് മദ്യം നൽകി എന്നതാണ് കുറ്റം. ബാർ ലൈസൻസ് റദ്ദാക്കലോ പിഴ ചുമത്തലോ ആകും നടപടി.
SUMMARY: Mini Cooper accident: Excise registers case against Suhail.
















