ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സാരംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും രോഗീസൗഹൃദ സേവനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.
നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ആശുപത്രികള്‍ ചികിത്സാ സേവനങ്ങളുടെയും ലഭ്യമായ സൗകര്യങ്ങളുടെയും നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയമം നടപ്പാക്കുന്നതിന്റെ പുരോഗതി പരിശോധിക്കാനും വീഴ്ചകള്‍ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.2010ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമവും 2012ലെ കേന്ദ്ര ചട്ടങ്ങളും ബാധകമായ ആശുപത്രികള്‍ ഓരോ സേവനത്തിന്റെയും നിരക്ക് പ്രാദേശിക ഭാഷയിലും ഇംഗ്ലിഷിലും രോഗികള്‍ക്ക് എളുപ്പത്തില്‍ കാണാവുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. കേന്ദ്ര നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാനങ്ങളിലെ നിയമങ്ങളാണ് നിലവിലുള്ളത്. അവയിലും ചികിത്സാനിരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വ്യവസ്ഥകളുണ്ട്.
ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ ഫീസ്, മുറിവാടക, പരിശോധനാച്ചെലവ്, സാധാരണ ചികിത്സാ നടപടികളുടെ നിരക്ക് എന്നിവ മുന്‍കൂട്ടി അറിയാന്‍ നിരക്ക് പട്ടികകള്‍ സഹായിക്കും. ആശുപത്രി ബില്ലുകളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ, പ്രതീക്ഷിക്കാത്ത അധികച്ചെലവുകൾ, ബില്ലിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവ കുറയ്ക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. മെഡിക്കൽ, ആയുഷ് വിസകളിൽ ഇന്ത്യയിലെത്തുന്ന വിദേശ രോഗികൾക്കായുള്ള പാക്കേജ് നിരക്കുകളും വ്യക്തമായി പ്രദർശിപ്പിക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ട ആശുപത്രികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു.
SUMMARY: Treatment rates must be clearly displayed in hospitals; Centre to take strict action.















