ബെംഗളൂരു: നഗരത്തിലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ലംഘിച്ചതിന് ഓൺലൈൻ പലചരക്ക് വിതരണ സ്ഥാപനങ്ങളായ സെപ്റ്റോയ്ക്കും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനും ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ 5,000 രൂപ വീതം പിഴ ചുമത്തി. ഒക്ടോബർ 12 തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പരിധിയിൽ മാലിന്യനിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ദൊഡ്ഡനേക്കുണ്ടി ഡിവിഷനിലെ പ്രിയദർശിനി വാർഡിൽ ഉൾപ്പെടുന്ന മാരുതി ലേഔട്ടിലാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെതിരായ നടപടി. മാലിന്യം ഉറവിടത്തിൽത്തന്നെ വേർതിരിക്കുകയും നിശ്ചിത രീതിയിൽ കൈമാറുകയും ചെയ്യണമെന്ന ചട്ടം പാലിച്ചില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.
ഇതേ ഡിവിഷനിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥലത്തുവെച്ച് വേർതിരിക്കാതെയും ശരിയായ രീതിയിൽ സംസ്കരിക്കാതെയും ഇരുന്നതിന് സെപ്റ്റോയ്ക്കും 5,000 രൂപ പിഴ ചുമത്തി. ആരോഗ്യ വിഭാഗത്തിലെ മേൽനോട്ട ഉദ്യോഗസ്ഥരും സംഘവും നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് കോർപ്പറേഷൻ അറിയിച്ചു.
സെപ്റ്റോയ്ക്കെതിരെ മാലിന്യനിയമ ലംഘനവുമായി ബന്ധപ്പെട്ട് നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. ഒക്ടോബർ 10-ന് വിജിനപുരയിലെ സ്ഥാപനത്തിന് സമാനമായ ചട്ടലംഘനത്തിന്റെ പേരിൽ 15,000 രൂപ പിഴ ചുമത്തിയിരുന്നു. നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങൾ മാലിന്യം വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന നടപടികൾ അധികൃതർ തുടരുകയാണ്.
SUMMARY: Violation of waste management rules: Zepto and Instamart fined Rs 5,000 each.
















