ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വി.ഐ.ടി.എം) സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ഇന്ന് തുടക്കമാകും. കസ്തൂർബാ റോഡിലുള്ള വി.ഐ.ടി.എം ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപത് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. സെന്റർ ഫോർ ബ്രെയിൻ റിസർച്ചിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രവി മുദ്ദഷെട്ടി മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 12 സ്കൂൾ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ശാസ്ത്രീയ കണ്ടെത്തലുകൾ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യമേഖലയിലെ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ വിദ്യാർത്ഥികൾ നാടകങ്ങളിലൂടെ അരങ്ങിലെത്തിക്കും.
വിവിധ സംസ്ഥാന തല മത്സരങ്ങളിൽ വിജയികളായെത്തുന്ന മികച്ച ടീമുകളാണ് ദക്ഷിണേന്ത്യൻ മേഖലാതല മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. നാളെ വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ടീമുകൾക്ക് ദേശീയ ശാസ്ത്ര നാടക മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
SUMMARY: South Indian science drama competition starts today in Bengaluru
















