ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണ്ണായക നിരീക്ഷണം.
‘എന്‍.സി.ആര്‍ മേഖലയിലാകെ സാധിച്ചില്ലെങ്കിലും, ഡല്‍ഹിയില്‍ ബി.എസ്-6 വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്,’-കോടതി നിരീക്ഷിച്ചു.ഡല്‍ഹി സര്‍ക്കാര്‍ കര്‍ശനമായ മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണു കോടതിയുടെ നിരീക്ഷണം.
അതേസമയം, ബിഎസ്-6 മാനദണ്ഡത്തില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കോടതി ഉത്തരവ് നിലവില്‍ പുറപ്പെടുവിച്ചിട്ടില്ല. നവംബറില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാരം താരതമ്യേന ഭേദമായിരുന്നെന്നും ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബി.എസ്. 4 വാഹനങ്ങളും പഴയ കാര്‍ബര്‍ പുറന്തള്ളല്‍ മാനദണ്ഡങ്ങളുമുള്ള വാഹനങ്ങള്‍ നവംബര്‍ ഒന്നു മുതല്‍ ജനുവരി 31 വരെ ഡല്‍ഹിയില്‍ ഓടുന്നതിനു വിലക്കുണ്ട്.
അവശ്യസാധനങ്ങളുടെ വിതരണം തടസപ്പെടാതിരിക്കാന്‍ മുന്‍കരുതലെടുത്തുകൊണ്ടുതന്നെ, മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ ഡല്‍ഹിയിലേക്കു പ്രവേശിക്കുന്നതു പൂര്‍ണമായി തടയണമെന്നും ഇന്നലത്തെ ഉത്തരവില്‍ കോടതി പറഞ്ഞു. ഇതിനായി അഞ്ചുവര്‍ഷത്തെ പദ്ധതി തയാറാക്കണമെന്നാണു നിര്‍ദേശം.
അതിനിടെ, മലിനീകരണ നിയന്ത്രണ നടപടികളില്‍ അയല്‍സംസ്ഥാനങ്ങള്‍ സജീവമായി ഇടപെടാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
വാഹനങ്ങള്‍ കാരണം വായുമലിനീകരണം വര്‍ധിക്കുന്നതായി കോടതി നേരത്തെയും ചൂണ്ടിക്കാട്ടിയിരുന്നു. നവംബര്‍ ആറിന് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പഴക്കമേറിയ വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതു തടയാന്‍ ഡല്‍ഹിക്കു പുറമേ ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Pollution in Delhi reaches critical levels; Supreme Court mandates use of BS-VI vehicles.















