കാഠ്മണ്ഡു: നേപ്പാളിലെ കോഷി പ്രവിശ്യയിലുള്ള ലെലെപ്പിന് സമീപം റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ അഞ്ച് രാജ്യങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ പ്രാഥമിക റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സമയം രാവിലെ 7:02 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 20 കിലോമീറ്റർ താഴ്ചയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേസമയം, നേപ്പാൾ-ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള ടാപ്ലെജംഗ് ജില്ലയിലെ ഒലാങ്‌ചുങ് ഗോളയ്ക്ക് സമീപം 5.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നേപ്പാളിലെ ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തെ ഉദ്ധരിച്ച് ദി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളായ ബിഹാർ, മേഘാലയ, പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങൾ, ഹിമാലയൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലെ ബഹുനില കെട്ടിടങ്ങളും വീടുകളും വൈദ്യുത തൂണുകളും ശക്തമായി കുലുങ്ങി. ജൽപൈഗുരി, അലിപുർദുവാർ, കൂച്ച് ബെഹാർ ഉൾപ്പെടെയുള്ള വടക്കൻ ബംഗാളിലെ വിവിധ ഭാഗങ്ങളിൽ ചലനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ താമസക്കാർ വീടുകളിൽ നിന്ന് പുറത്തിറങ്ങി തെരുവുകളിൽ തടിച്ചുകൂടി. പ്രഭാത നടത്തത്തിനും വ്യായാമത്തിനും ഇറങ്ങിയവരും പെട്ടെന്നുണ്ടായ ഭൂചലനത്തിൽ പരിഭ്രാന്തരായി.
ഇതിനുപുറമെ, ചൊവ്വാഴ്ച പുലർച്ചെ 3:39-ഓടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഓഫ് സീസ്മോളജിയുടെ വിവരമനുസരിച്ച് ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഈ രണ്ടു ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും പ്രകമ്പനം ബാധിച്ച മേഖലകളിൽ എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
SUMMARY: 5.3-magnitude earthquake in Nepal: Tremors felt in neighboring countries, including India















