പാലക്കാട്: പെരുങ്ങോട്ടുകിറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 20 പവൻ കവർന്ന് നാലംഗ സംഘം. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് സംഭവം നടന്നത്. ടിഎന്‍ 07 AE 0145 നമ്പറിലുള്ള സാന്‍ട്രോ കാറിലെത്തിയ സംഘമാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. ജ്വല്ലറി ഉടമയും ഭാര്യയും മറ്റു രണ്ടു ജീവനക്കാരുമായിരുന്നു കടയിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിക്കുമ്പോഴാണ് ഇവർ കടയിലെത്തിയത്.
മൂന്നുപേർ കടയിൽ കയറി മാല ആവശ്യപ്പെട്ടു.ഒരാൾ പുറത്ത് കാറിൽ തന്നെ ഇരുന്നു. ജീവനക്കാർ മാല എടുക്കുന്നതിനിടെയാണ് ഇവർ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയത്. ജീവനക്കാർ എതിർക്കാൻ ശ്രമിച്ചെങ്കിലും കവർച്ചക്കാർ അലമാരയിൽ നിന്നും ആഭരണപ്പെട്ടികൾ കൈക്കലാക്കി. കവർച്ചക്കാരെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ജീവനക്കാർക്ക് നേരെ വെടിയുതിർന്നു. ഉടമയായ സനാദും മറ്റും ഓടിയെത്തിയപ്പോളേക്കും സംഘം ഓടി രക്ഷപ്പെട്ടു.
മാസ്ക് പോലും ധരിക്കാതെ എത്തിയ ഈ കവർച്ചാ സംഘത്തിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കവര്‍ച്ചയ്ക്കുശേഷം സംഘം തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും അറിയുന്നു. സംഭവത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
SUMMARY: Robbery at a jewellery store in Palakkad at gunpoint; approximately 20 sovereigns of gold stolen.















