തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കോടതി

ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി. ജനുവരി 30 വരെ കേസിൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ തുടർ വാദം കേൾക്കുന്നത് ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയതായും ജസ്റ്റിസ് എം. നാഗപ്രസന്ന അറിയിച്ചു.
നിലവിൽ രേവണ്ണ കുറ്റം ചെയ്തതായി എവിടെയും തെളിഞ്ഞിട്ടില്ലെന്നും ഇക്കാരണത്താൽ തന്നെ വ്യക്തമായ തെളിവുകളില്ലാതെ അദ്ദേഹത്തെ കുറ്റക്കാരൻ ആക്കുന്നത് ശരിയല്ലെന്നും ഹൈക്കോടതി വിധിച്ചു. തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രേവണ്ണ സമർപ്പിച്ച ഹർജിയിലാണ് നടപടി.
പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതാണ് കേസ്. മെയ് മൂന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പരാതി കെട്ടിച്ചമച്ചതാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രേവണ്ണ കോടതിയെ സമീപിക്കുകയായിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: HC stays proceedings against hd revanna