Follow the News Bengaluru channel on WhatsApp

അവളുടെ ഞായറാഴ്ച

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം ഇരുപത്തിയഞ്ച്

ആരാണ് വിശ്രമം ആഗ്രഹിക്കാത്തത്?.

തിങ്കൾ മുതൽ ശനി വരെ തിരക്ക് പിടിച്ച ഓഫീസ് പ്രവർത്തനങ്ങൾ. അവ നൽകുന്ന ടെൻഷനും തലവേദനയും. ബസിൽ തിക്കിതിരക്കിയുള്ള യാത്ര. അതല്ലെങ്കിൽ കാലാവസ്ഥക്കനുസരിച്ച് മാറി മാറി വരുന്ന ചൂടിന്റെയും തണുപ്പിന്റെയും മഴയുടെയും പ്രയാസങ്ങൾ സഹിച്ച് ബൈക്കിലുള്ള യാത്ര. അസ്സഹനീയമായ ട്രാഫിക് ബ്ലോക്കും, പൊടിശല്യവും, റോഡിലെ വാഹനങ്ങളുടെ തിരക്കും. ഭാരിച്ചൊരു തലയുമായി വീട്ടിൽ മടങ്ങിയെത്തുമ്പോൾ സ്വസ്ഥത ആഗ്രഹിക്കാത്തവരാരുണ്ട്?.

വന്നു കയറുമ്പോൾ മനസ് നിറയ്ക്കുന്ന പുഞ്ചിരിയുമായി ‘അവൾ’. ആവശ്യപ്പെടുമ്പോൾ ഒരു ചായ, അത്താഴത്തിന് സ്വാദിഷ്ടമായ ഭക്ഷണം, ഉറങ്ങാൻ കൂടെയൊരു കുളിർ, പിറ്റേന്ന് കാലത്ത് കണ്ണുതുറക്കുമ്പോൾ മുന്നിലൊരു ചായ. ഓഫീസിൽ പോകാനിറങ്ങുന്ന സമയംവരെയും ഓരോ ആവശ്യങ്ങൾക്കും നേരെ നീണ്ടു വരുന്ന രണ്ട് കൈകൾ. . . ആശ്വാസത്തിന്റെ ആ നിമിഷങ്ങൾക്ക് ശേഷമാണ് തിരക്ക്പിടിച്ച മറ്റൊരു ദിവസത്തിലേക്ക് ‘അവൻ’ കടക്കുന്നത്.

പക്ഷെ അവളോ?.

പാട്രിയാർക്കൽ വ്യവസ്ഥയിൽ പുരുഷന് കല്പിച്ചു കിട്ടിയിട്ടുള്ള അനേകം അവകാശങ്ങളിൽ ഒന്നാണ് ‘വിശ്രമത്തിന് ആവശ്യമായ സമയം’. സ്ത്രീക്ക് അതൊരു അവകാശമായി കണക്കാക്കാനുള്ള അവസരം ഒരിക്കലും ലഭിച്ചിരുന്നില്ല. പുരുഷൻ വരുമാനലബ്ധിയും സ്ത്രീ ഗൃഹഭരണം മാത്രവും കൈകാര്യം ചെയ്തിരുന്ന കാലത്ത് പോലും അവൾക്ക് വിശ്രമത്തിന് അൽപ്പം സമയം കണ്ടെത്താൻ കഴിഞ്ഞിരുന്നുവോ എന്ന കാര്യം സംശയമാണ്. സാമ്പത്തിക പുസ്തകങ്ങളുടെ കണക്കെടുപ്പുകളിൽ ഒന്നും പെടാത്ത ചെറിയ ജോലികളിലാണ് സ്ത്രീയുടെ സമയമത്രയും. ചെയ്ത ജോലിക്ക് പ്രതിഫലമായി പുരുഷന് കിട്ടുന്ന തിളങ്ങുന്ന കടലാസ്സ് കഷ്ണങ്ങളുടെ വശ്യത പകലന്തിയോളം വീട്ടിൽ പണിയെടുത്താലും അവളുടെ ജോലിക്കില്ല. 24×7 സേവനങ്ങൾ വിപണനതന്ത്രമായി ഉയർന്നു വരുന്നതിനും എത്രയോ മുൻപ് തന്നെ അത് പ്രാവർത്തികമാക്കിയവരാണ് സ്ത്രീകൾ. വിശ്രമമില്ലാതെ പണിയെടുക്കുന്ന യന്ത്രങ്ങൾ.

സ്ത്രീകൾ വീടിനുള്ളിൽ ജോലി ചെയ്യുന്നവരല്ലേ അവർക്ക് എത്ര വേണമെങ്കിലും വിശ്രമിക്കാമല്ലോ എന്നൊരു വാദം തർക്കത്തിനായി ഉന്നയിക്കാം. ഒന്നാലോചിച്ചു നോക്കിയാൽ അതെത്ര പൊള്ളയായ വാദമാണെന്ന് കാണാൻ കഴിയും. പ്രാതലും, ഉച്ചഭക്ഷണവും, അത്താഴവും. പാത്രം കഴുകലും, പുരയിടം വൃത്തിയാക്കലും, വീട്‌ തുടയ്ക്കലും. ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും തുണിയലക്കൽ, തേക്കൽ, അടുക്കിപ്പറുക്കൽ. കുടുംബത്തിൽ ആർക്ക് രോഗം വന്നാലും അവരെ പരിചരിക്കൽ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജോലികളുടെ മാലയാണ് ഓരോ സ്ത്രീയുടെയും കഴുത്തിൽ. ഒന്നിൽ നിന്നും ഒരാശ്വാസം കിട്ടുമ്പോൾ അടുത്ത ജോലി തനിയെ പൊങ്ങിവരും, അത് തീരുമ്പോൾ മറ്റൊന്ന്. അങ്ങനെ ഒന്നിന് പുറകെ ഒന്നൊന്നായി ജോലികൾ ഏറ്റുവാങ്ങാൻ സ്ത്രീയുടെ ജീവിതം ബാക്കി. ഇതിനിടക്ക് എങ്ങനെ വിശ്രമിക്കാനാണ്. ഒന്നുകിൽ ജോലികളുടെ ഭാരം കുറയണം അല്ലങ്കിൽ സഹായത്തിനായി ആരുടെയെങ്കിലും കൈ നീളണം. അല്ലാതെ വിശ്രമം സാധ്യമാകില്ല.

പുരുഷനെപോലെത്തന്നെ തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ കാര്യമാണ് ഇതിലും കഷ്ടം. പണം സമ്പാദിക്കുന്ന പുരുഷന് ” വിശ്രമം” ഒരവകാശമാണ്. എന്നാൽ പണം സമ്പാദിച്ചാലും സ്ത്രീക്ക് അത് അവകാശമല്ല. ചെറുതോ വലുതോ ആയ ഏതു ജോലിയിലുമുള്ള സ്ത്രീയാകട്ടെ, ആയിരങ്ങളിൽ തുടങ്ങി ലക്ഷങ്ങളിൽ വരെ സമ്പാദിക്കുന്നവളാകട്ടെ അവളുടെ അധികാരങ്ങളും അവകാശങ്ങളും വീടിന്റെ പടിക്കെട്ടുകൾക്ക് മുന്നിൽ അവസാനിക്കും. അവയ്ക്കുള്ളിൽ അവൾക്കായി കാത്തുകിടക്കുന്ന ഉത്തരവാദിത്വങ്ങളുണ്ട്. പുരുഷനെക്കാൾ ഭാരിച്ച തലയുമായിട്ടാണ് അവൾ വരുന്നതെങ്കിലും ‘അവന്’ അർഹമായ പരിഗണനകളൊന്നും ‘അവൾ’ക്കുണ്ടാവില്ല. ഭാരിച്ച തലയുമായി അവൾ മറ്റ്‌ ഉത്തരവാദിത്വങ്ങളിലേക്ക് പോകണം. അവളെ കാത്ത് കിടക്കുന്ന ചെറിയ ജോലികളിൽ ഓരോന്നിലും കണ്ണെത്തണം, രാത്രിയിലേക്ക് അത്താഴത്തിനൊരുക്കണം, രാവിലെ സിങ്കിൽ ഉപേക്ഷിച്ചു പോയ എണ്ണമെഴുക്കും കറി മണവുമുള്ള പാത്രങ്ങൾ കഴുകി വയ്ക്കണം. മക്കളുടെ കലഹകൂട്ടങ്ങൾക്ക് റഫറിയാകണം, കാലത്തേക്ക് മാവ് അരച്ചു വെയ്ക്കണം, സിറ്റ് ഔട്ടിലും സെറ്റിയിലും, കട്ടിലിലുമായി പടർന്നു കിടക്കുന്ന വസ്ത്രങ്ങൾ ഒതുക്കി വെയ്ക്കണം. അങ്ങനെ അങ്ങനെ ശരീരത്തിലെ ഓരോ സന്ധികളിൽ നിന്നും വേദന തോന്നുംവരെ തളരാതെ പണിയെടുക്കണം. ഒടുവിൽ തളർന്നു കട്ടിലിൽ വീഴുമ്പോഴും ഭർത്താവിന്റെ പരാതി കേൾക്കണം. പിറ്റേന്ന് കാലത്തെഴുന്നേറ്റ് ഓഫീസിലേക്ക് ഇറങ്ങുംവരെ തന്റെ ഉത്തരവാദിത്വങ്ങളിൽ മുഴുകണം.

പുരുഷനെപ്പോലെ സ്ത്രീക്കും വിശ്രമത്തിനുള്ള ആഗ്രഹങ്ങളില്ലേ? തീർച്ചയായുമുണ്ട്. പക്ഷെ പുരുഷകേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തിൽ സ്ത്രീയുടെ അവകാശങ്ങളെപ്പറ്റി നാമത്ര ആശങ്കാകുലരല്ല. വീടിനുള്ളിൽ നിന്നും തുടങ്ങുന്ന പഠിപ്പിക്കലുകളിലൂടെ വേണം ഇതിനെ നേരിടാൻ. ‘സ്ത്രീകളുടേത്’ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്ന എല്ലാ ജോലികളും ചെയ്യാൻ ആൺപെൺ വ്യത്യാസമില്ലാതെ മക്കളെ പഠിപ്പിക്കണം. ‘അവൾ’ ഓഫീസിൽ നിന്നും വരുമ്പോഴേക്കും വീട്ടിലെ എല്ലാ ജോലിയും ചെയ്തു തീർത്ത് അവൾക്കായി കാത്തിരിക്കുന്ന ‘അവൻ’ ഉണ്ടാകണം. അവൾ ഊണ് ഉണ്ടാക്കിയാൽ അവൻ പാത്രം കഴുകണം. നീ കിടന്നോളു രാവിലത്തെ ചായ ഞാൻ ഉണ്ടാക്കാമെന്ന് പറയുന്ന പുരുഷന്മാർ ഉണ്ടാകണം. ആറു ദിവസവും ജോലികൾ നീ ചെയ്തില്ലേ ഞായറാഴ്ച എല്ലാം ഞാൻ ചെയ്യാമെന്ന് പറയുന്ന ഭർത്താക്കന്മാർ ഉണ്ടാകണം.

കുടുംബത്തിലെ ഉത്തരവാദിത്വങ്ങളൊക്കെ സ്ത്രീകൾക്കൊപ്പം പങ്കുവെയ്ക്കുന്ന പുരുഷന്മാർ ഉണ്ടാകുമ്പോൾ മാത്രമേ വിശ്രമവും ആഘോഷങ്ങളും അവൾക്കും ആവശ്യമാണെന്ന് മനസിലാക്കുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം പുരോഗമിക്കുകയുള്ളു. അപ്പോൾ മാത്രമേ അവൾക്കായി ഒരു ഞായറാഴ്ചയും ശാന്തമായ കുറേ ദിവസങ്ങളും പുലരുകയുള്ളു.🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.