ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ വ്യക്തമാക്കി. സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കൈകൾക്കു ശക്തിപകരുകയാണ് വേണ്ടത്. കോൺഗ്രസ് നേതാക്കൾ ഇതു സംബന്ധിച്ച പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും നിർദേശം ലംഘിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും ശിവകുമാർ പ്രഖ്യാപിച്ചു.സിദ്ധരാമയ്യയ്ക്കു പകരം ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണ് പ്രതികരണം.
100 എംഎൽഎമാർ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി അവകാശപ്പെട്ട രാമനഗര എംഎൽഎ ഇക്ബാൽ ഹുസൈനു ശിവകുമാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. ശിവകുമാറിനായി പരസ്യമായി രംഗത്തെത്തിയ മാഗഡി എംഎൽഎ എച്ച്.സി. ബാലകൃഷ്ണയ്ക്കു നോട്ടിസ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ നേതൃമാറ്റത്തെക്കുറിച്ച് എംഎൽഎമാരോട് സംസാരിക്കാനല്ല സംസ്ഥാനത്തെത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയും വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താനുള്ള പതിവു നടപടി മാത്രമാണ് എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയെന്നും സുർജേവാല പറഞ്ഞു.
SUMMARY: No leadership change in Karnataka says D.K. Shivakumar