ബെംഗളൂരു: ബിടിഎം-മടിവാള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തഖ്‌വ ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്‍റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് ശനിയാഴ്ച നടത്തും. സർ പുത്തനചെട്ടി ടൗൺഹാളിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ശിലാസ്ഥാപനം നടത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി രാമലിംഗ റെഡ്ഡി, സ്പീക്കർ യു.ടി. ഖാദർ, എൻ.എ. ഹാരിസ് എം.എൽ.എ.,പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എൻ.എ. മുഹമ്മദ്, സിറാജുദ്ദീൻ ഖാസിമി പത്തനാപുരം തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
ബിടിഎം സെക്കന്റ് സ്റ്റേജില്‍ നാലുനിലകളിലായി 6000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിൽ യോഗങ്ങൾ നടത്താനുള്ള ഹാൾ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തായാക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രസപഠനത്തിന് പുറമേ മലയാളം മിഷൻ, കന്നഡ, ഉറുദു ക്ലാസുകളും സ്റ്റഡി സെന്ററിൽ നടത്തും. ലൈബ്രറിയും പുതിയകെട്ടിടത്തിൽ ക്രമീകരിക്കും
സെന്റർ പ്രസിഡന്റ് സയ്യിദ് സിദ്ധിഖ് തങ്ങൾ, ജനറൽ സെക്രട്ടറി റിയാസ് മടിവാള, ഖജാൻജി ടി.പി. ഫൈസൽ, വൈസ് പ്രസിഡന്റുമാരായ സാദിക്ക്, കെ. ഷമീർ, വർക്കിങ് സെക്രട്ടറി താഹിർ, ജോയിന്റ് സെക്രട്ടറിമാരായ ഇർഷാദ് മൈത്രി, അബ്ദുൾ ലത്തീഫ്, സിറാജ് ഷാജി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.