തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച് ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന കേരള വോട്ട് വൈബ് സർവേഫലമാണ് ശശി തരൂർ എക്സില്‍ പങ്കുവെച്ചത്. കൂപ്പുകയ്യുടെ ഇമോജിയോടെയാണ് തരൂർ വാർത്ത പങ്കുവച്ചിരിക്കുന്നത്.
കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്. സിറ്റിംഗ് എംഎല്‍എമാരെ മാറ്റണമെന്നാണ് സർവേയില്‍ പങ്കെടുത്ത 62 ശതമാനം പേരും ആഗ്രഹിക്കുന്നത്. 23 ശതമാനം പേർ നിലവിലെ എംഎല്‍എമാർ തുടരണമെന്നും അഭിപ്രായപ്പെട്ടു. ശശി തരൂരിനെയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതല്‍ പേർ പിന്തുണച്ചത്.
28.3 ശതമാനം പേർ തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. സർവേപ്രകാരം സ്ത്രീകളേക്കാള്‍ (27 ശതമാനം) കൂടുതലും പുരുഷന്മാർ (30 ശതമാനം) ആണ് തരൂരിനെ പിന്തുണയ്ക്കുന്നത്. അതേസമയം, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 17.5 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്.
എന്നാല്‍, എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 24.2 ശതമാനം പേർ പിന്തുണയ്ക്കുന്നത് മുൻമന്ത്രി കെ കെ ശൈലജയെയാണ്. അടുത്തവർഷം മേയിലാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യത.
SUMMARY: Tharoor shares survey results on Xil survey, says he is fit to be CM