പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിൻവലിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളിലും നിലവിലുണ്ടായിരുന്ന കണ്ടെയിൻമെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിൻവലിച്ചിരിക്കുന്നു. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്റീനില്‍ തുടരേണ്ടതാണ്.
നിയന്ത്രണങ്ങള്‍ നീങ്ങിയെങ്കിലും ജാഗ്രത തുടരണമെന്നും ജില്ലാ കലക്ടർ ഫേസ്ബുക്ക് കുറിപ്പില്‍ നിർദേശിച്ചു. നിപ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ജില്ലയില്‍ നിലവില്‍ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ഗവണ്‍മെൻറ് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിയുന്ന അഞ്ചു പേരുടെ പുനർ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്.
നിലവില്‍ ജില്ലയില്‍ 178 പേരാണ് സമ്പർക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ആകെ 3020 ഗൃഹസന്ദർശനങ്ങള്‍ നടത്തിയിട്ടുണ്ട്. ജില്ലാ മാനസികാരോഗ്യ വിഭാഗം ഇതുവരെ 328 പേർക്ക് ടെലഫോണിലൂടെ കൗണ്‍സലിംഗ് സേവനവും നല്‍കിയിട്ടുണ്ട്.
SUMMARY: Nipah restrictions lifted in Palakkad district