ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ജൂലൈ 22 മുതൽ 25 വരെ നടക്കും. മെട്രോ റെയിൽവേ സേഫ്റ്റി സൗത്തേൺ സർക്കിൾ കമ്മിഷണർ എ.എം. ചൗധരിയുടെ നേതൃത്വത്തിലാകും പരിശോധന നടക്കുക. 22 മുതൽ 24 വരെ ട്രെയിൻ, ട്രാക്ക്, സിഗ്നലിങ്, സ്റ്റേഷൻ എന്നിവ പരിശോധിക്കും. 25ന് ബയ്യപ്പനഹള്ളി ഡിപ്പോയിലെ ഓപ്പറേഷൻസ് കൺട്രോൾ സെന്ററിലും പരിശോധന നടക്കും.
വെള്ളിയാഴ്ച ഇറ്റാലിയൻ സർക്കാരിന്റെ കീഴിലുള്ള ഏജൻസിയായ ഇറ്റൽ സെർട്ടിഫർ നടത്തിയ സുരക്ഷാ പരിശോധനയുടെ റിപ്പോർട്ട് ബിഎംആർസിക്കു കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഎംആർസി സുരക്ഷാ പരിശോധനയ്ക്കായി റെയിൽവേയെ സമീപിച്ചത്.
റെയിൽവേയുടെ അനുമതി ലഭിച്ചതിനു ശേഷമാണ് പാതയിൽ സർവീസ് ആരംഭിക്കാനാകുക. നേരത്തേ ഓഗസ്റ്റ് 15ന് പാതയിൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ബിഎംആർസി വൃത്തങ്ങൾ നൽകുന്ന സൂചന.
SUMMARY: Namma Metro’s Yellow Line safety inspection from July 22 to 25.