ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാകിസ്ഥാൻ വ്യോമാതിർത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടി. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി (പിഎഎ) യാണ് ഇക്കാര്യം അറിയിച്ചത്. സിവിലിയൻ, സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യൻ എയർലൈനുകളുടെ ഉടമസ്ഥതയിലുള്ള എല്ലാ വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്.
ഓഗസ്റ്റ് 24ന് പുലർച്ചെ 5:19 വരെ നിരോധനം പ്രാബല്യത്തില്‍ തുടരുമെന്നാണ് റിപ്പോർട്ട്. ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ജൂലൈ 24 വരെ ഇന്ത്യയും പാകിസ്ഥാൻ വിമാനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനാല്‍ ഇന്ത്യൻ വിമാനങ്ങള്‍ അന്താരാഷ്ട്ര സർവീസുകള്‍ നടത്താൻ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വന്നതും വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവ് വർദ്ധിച്ചതും വിമാന യാത്രക്കാർക്ക് തിരിച്ചടിയായി. ഏപ്രില്‍ 24 നാണ് തുടക്കത്തില്‍ നിരോധനം ഏർപ്പെടുത്തിയത്. ഇരു രാജ്യങ്ങളും സ്വീകരിച്ച പ്രത്യാക്രമണ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഈ നിയന്ത്രണം.
SUMMARY: Pakistan extends ban on Indian flights