ബെംഗളൂരു: നഗരത്തിലെ 40 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായ സംഭവത്തിൽ അന്വേഷണം ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച്(സിസിബി) ഏറ്റെടുത്തു. വെള്ളിയാഴ്ചയാണ് നഗര വ്യാപകമായി 40 സ്കൂളുകൾക്കു ഇമെയിൽ മുഖേന ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ക്ലാസ് റൂമുകൾക്കുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
തുടർന്ന് പോലീസും ബോംബ് സ്ക്വാഡും നടത്തിയ അന്വേഷണത്തിൽ സന്ദേശങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. നഗരത്തിലെ 25 ഓളം പോലീസ് സ്റ്റേഷനുകളിലായി ഇതുസംബന്ധിച്ച് കേസുകൾ റജിസ്റ്റർ ചെയ്തു. ഇതോടെ സന്ദേശം അയച്ചതാരാണെന്നു കണ്ടെത്താൻ കേസുകൾ ഏകീകരിച്ച് സിസിബിക്കു കൈമാറുകയായിരുന്നു.
നഗരത്തിൽ സമീപ കാലങ്ങളിലായി സ്കൂളുകൾക്കും ഹോട്ടലുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായിട്ടുണ്ട്.
SUMMARY: CCB takes over probe in bomb threat to schools.