എറണാകുളം: കോതമംഗലം ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വെള്ളാമക്കുത്തിൽ ദേശീയപാതയുടെ അരികിൽ മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വർക്ക് ഏരിയയോടു ചേർന്നുള്ള ഓടയുടെ മാൻഹോൾ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുൻപിലുള്ള ഹോട്ടലും. ഹോട്ടൽ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
ബുധനാഴ്ച വീട്ടിലെത്തിയ വൈദികൻ വർക് ഏരിയയിലെ ഗ്രില്ലിന്റെ പൂട്ടുതകർത്തതായും തറയിൽ രക്തക്കറ കണ്ടതായും ഊന്നുകൽ പോലീസിൽ അറിയിച്ചിരുന്നു. പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. വെള്ളി രാവിലെ പ്രദേശത്ത് രൂക്ഷഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി. കോൺക്രീറ്റ് സ്ലാബ് പൊളിച്ചുനീക്കിയാണ് ജീർണിച്ച മൃതദേഹം പുറത്തെടുത്തത്.
വേങ്ങൂരിൽനിന്ന് കാണാതായ അറുപത്തൊന്നുകാരിയുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 18ന് ഇവരെ കാണാതായതായി കുറുപ്പംപടി പോലീസിൽ പരാതി ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ ബന്ധുക്കൾക്ക് മൃതദേഹം ജീർണിച്ച നിലയിലായതിനാൽ തിരിച്ചറിയാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
SUMMARY: Woman’s body found stuffed in a drain