ആലപ്പുഴ: ചേര്‍ത്തലയില്‍ 75 വയസ്സുള്ള പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടണക്കാട് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരുവരും പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. ഇരട്ട സഹോദരങ്ങളില്‍ അഖിലായിരുന്നു പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. നിഖിൽ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. അമ്മയ്ക്കും സഹോദരനും മുൻപിൽ വെച്ചായിരുന്നു ആക്രമണം നടന്നതെങ്കിലും ആരും പിടിച്ചു മാറ്റാൻ നിന്നില്ല. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പിതാവ് മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
SUMMARY: Father brutally beaten in Cherthala; Sons arrested