ന്യൂഡൽഹി: പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടിനാണ് ഷാങ്ഹായ് ഉച്ചകോടിയിൽ (എസ്.സി.ഒ) അംഗീകാരം ലഭിച്ചത്. ഭീകരതയിൽ ഇരട്ടത്താപ്പ് പാടില്ലെന്നും, അതിർത്തി കടന്നുള്ള ഭീകരവാദത്തെ ചെറുക്കണമെന്നും സംയുക്ത പ്രഖ്യാപനത്തിൽ ലോകരാജ്യങ്ങൾ ആഹ്വാനം ചെയ്തു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുത്ത ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഉയർത്തുന്ന വാദങ്ങളെ ഇത്രയുംകാലം ചൈന എതിർത്തിരുന്നു. ഭീകരാക്രമണങ്ങൾ നടത്തുന്നവരെയും ഒത്താശ ചെയ്യുന്നവരെയും നിയമവ്യവസ്ഥയുടെ മുന്നിൽ കൊണ്ടുവരണമെന്ന് എസ്.സി.ഒ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
എല്ലാതരത്തിലുള്ള ഭീകരതയെയും അപലപിക്കുന്നതായി പ്രഖ്യാപനത്തിൽ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരത അടക്കം ചെറുക്കണം. ഭീകരതയെ നേരിടുന്നതിൽ രാഷ്ട്രങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ചു. എസ്.സി.ഒയുടെ അധ്യക്ഷസ്ഥാനം കിർഗിസ്ഥാൻ ഏറ്റെടുത്തു.
SUMMARY: Shanghai Summit condemns Pahalgam terror attack, endorses Indian stance