ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത അറിയിച്ചത്. മരണ കാരണം പുറത്തു വിട്ടിട്ടില്ല. സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഇദ്ദേഹമാണ്.
1950-കളുടെ അവസാനത്തിലാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. 1960-ൽ ടെലിവിഷൻ രംഗത്തേക്ക് കടന്ന അദ്ദേഹം, ‘വാർ ഹണ്ട്’ (War Hunt) എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ദി സ്റ്റിംഗ്’ (The Sting), ‘ബച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്’ (Butch Cassidy And The Sundance Kid) തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ നിരവധി ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതികൾ നൽകി അംഗീകരിച്ചു. 2002-ൽ പ്രത്യേക അക്കാദമി ഓണററി അവാർഡ്, 1994-ൽ ഗോൾഡൻ ഗ്ലോബിന്റെ സെസിൽ ബി. ഡെമിൽ അവാർഡ്, 2016-ൽ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്നിവ അവയിൽ ചിലതാണ്.
SUMMARY: Hollywood legend Robert Redford passes away