പത്തനംതിട്ട: ആഗോള അയ്യപ്പസംഗമം പമ്പ തീരത്ത് ഔപചാരികമായി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. ആ നിലക്ക് ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തില്‍ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകള്‍ക്കും വേർതിരിവുകള്‍ക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിതെന്നും അദ്ദേഹം പറഞ്ഞു.
തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത്. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് മുൻനിർത്തി ഭക്തജന സംഗമം തടയാൻ അവർ ശ്രമിച്ചു. അത് നമുക്ക് ബാധകമല്ല. സുപ്രീം കോടതി തന്നെ ആ നീക്കങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗീതാ നിർവചനത്തിന് നിരക്കുന്ന വിധം ഭക്തിയുള്ളവരുടെ സംഗമമാണിതെന്ന് ഭഗവത് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എല്ലാ ജാതിമത ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറം എല്ലാവരും ഒന്നിച്ചെത്തുന്ന സ്ഥലമാണ് ശബരിമല. ചാന്ദോക്യ ഉപനിഷത്തും മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
SUMMARY: Global Ayyappa Sangam begins at Pampatiram; Chief Minister lights the lamp