കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി.ആര്‍. നാഥന്‍ അര്‍ഹനായി. 1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതീ ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നാടകകൃത്ത്, ചെറുകഥാകൃത്ത്, യാത്രാവിവരണ എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി.ആര്‍. നാഥന്‍. മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തിരണ്ടാം പിറന്നാള്‍ ദിനമായ സെപ്തംബര്‍ 27ന് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭര്‍ക്ക് 2001 മുതല്‍ അമൃതകീര്‍ത്തി പുരസ്‌ക്കാരം നല്‍കിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. എം. ലക്ഷ്മീകുമാരി, പി. നാരായണക്കുറുപ്പ്, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മറ്റിയാണ് പുരസ്‌ക്കാരനിര്‍ണ്ണയം നടത്തിയത്.
SUMMARY: Amrita Kirti Award to P.R. Nathan