തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെല്ലാരി സ്വദേശി സുമൻ ജട്ടറിനെ (27) ആണ് കസ്റ്റംസ് പ്രിവൻ്റീവ് യൂണിറ്റിൻ്റെ എയർ ഇൻ്റലിജൻസ് യൂണിറ്റ് പിടികൂടിയത്. ഇയാളുടെ ലഗേജിൽ നിന്ന് 3. 636 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്.
ബെല്ലാരിയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന ആളാണ് പ്രതി. ഈ മാസം 15ന് ബെംഗളൂരു വിമാനത്താവളംവഴിയായിരുന്നു ഇയാൾ ബാങ്കോക്കിലേക്ക് പോയതതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരികെ ഞായറാഴ്ച്ച പുലർച്ചെ 1.30ഓടെ മലേഷ്യൻ എയർ ലൈൻസിന്റെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയായിരുന്നു. പ്രതി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതിനെ തുടർന്ന് എയർ ഇന്റലിജൻസ് വിഭാഗം ഇയാളുടെ ലഗേജ് പരിശോധിച്ചു. ബാഗിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ് പൊതികൾ. അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായ ചോദ്യംചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കി.
SUMMARY: Karnataka native arrested with hybrid cannabis worth 3.63 crores