കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ ഇൻഡിഗോ എയർലൈൻസിന്‍റെ വിമാനമാണ് വൈകിയത്. വിമാനത്തിനുള്ളിൽ ഒരു എലിയെ കണ്ടതിനെ തുടർന്നാണിത്. കാൺപൂരിൽ നിന്നും ഡൽഹിയിലേക്ക് 2:55ന് പറക്കാനിരുന്ന വിമാനത്തിലാണ് എലിയെ കണ്ടത്. എല്ലാവരും വിമാനത്തിൽ കയറിയ ശേഷമാണ് ഒരാൾ ക്യാബിനിൽ എലിയെ കണ്ടതും ജീവനക്കാരെ വിവരമറിയിച്ചതും. തുടർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. മുൻകരുതലെന്ന നിലയിലാണ് യാത്രക്കാരെ പുറത്തിറക്കിയത്.
ഇതേതുടർന്ന് വൈകുന്നേരം 4:10ന് ഡൽഹിയിൽ എത്തേണ്ടിയിരുന്ന വിമാനം വൈകീട്ട് 6:03നാണ് കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. രാത്രി 7:16നാണ് ഡൽഹിയിൽ എത്തിയത്. വിമാനത്തിൽ എലിയെ കണ്ടെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായി യാത്രക്കാരെ പുറത്തിറക്കിയെന്നും വിമാനത്താവളത്തിന്റെ മീഡിയ ഇൻ ചാർജ് വിവേക് സിങ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
SUMMARY: Flight of 140 people delayed for three hours due to a rat