ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിന്റെ അടയാളം എന്നിവ പുതുക്കാനും തിരുത്താനുമാണ് ചെലവ് കൂടുക. രണ്ടുഘട്ടങ്ങളിലായാണ് വർധനവ്. ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരും.
2028 സെപ്റ്റംബർ 30 വരെയും 2028 ഒക്ടോബർ ഒന്നുമുതൽ 2031 സെപ്റ്റംബർ 30 വരെയും രണ്ടുഘട്ടങ്ങളിലായുള്ള നിരക്കാണ് പ്രഖ്യാപിച്ചത്.
50 രൂപയുള്ള സേവനങ്ങളുടെ നിരക്ക് ആദ്യഘട്ടത്തിൽ 75 ആയും 100 രൂപയുള്ളത് 125 ആയും കൂട്ടും. ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് 2028 സെപ്റ്റംബർ 30 വരെ തുടരും. ശേഷം രണ്ടാംഘട്ടത്തിൽ 75 രൂപ നിരക്ക് 90 ആയും 125 രൂപ നിരക്ക് 150 ആയും ഉയർത്തും.
അതേസമയം ആധാര്‍ പുതുതായി എടുക്കുന്നതിന് പണം നല്‍കേണ്ട. അഞ്ചുമുതല്‍ ഏഴുവയസുവരെയും 15 മുതല്‍ 17 വയസുവരെയുമുള്ള നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണ്. എന്നാല്‍, ഏഴുവയസുമുതല്‍ 15 വയസുവരെയും 17 വയസുമുതല്‍ മുകളിലേക്കുമുള്ള നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിന് പണം നല്‍കണം. ഇതിന്റെ നിരക്ക് 100-ല്‍നിന്ന് 125 ആയി ആദ്യഘട്ടത്തിലും 150 ആയി രണ്ടാം ഘട്ടത്തിലും വര്‍ധിപ്പിച്ചിട്ടുണ്ട്. ആധാര്‍ അതോറിറ്റിയുടെ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ നേരിട്ടു തേടുന്ന സേവനങ്ങളുടെ നിരക്ക് 50-ല്‍നിന്ന് 75 ആക്കിയിട്ടുണ്ട്. സേവനകേന്ദ്രങ്ങള്‍ക്ക് ആധാര്‍ അതോറിറ്റി നല്‍കുന്ന തുകയും വര്‍ധിച്ചിട്ടുണ്ട്.
SUMMARY: Aadhaar services to cost more; new rates from October 1