ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു മലയാളി ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റിലായി. അഞ്ച് കേസുകളിലായാണ് അറസ്റ്റ്. പത്തുദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ 9.93 കോടിരൂപ വിലവരുന്ന മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. 3.858 കിലോഗ്രാം എംഡിഎംഎ, 41 ഗ്രാം ലഹരി ഗുളികകൾ, 1.82 കിലോഗ്രാം ഹൈഡ്രോകഞ്ചാവ്, ആറുകിലോഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്നു കടത്തിന് ഉപയോഗിച്ച കാർ, ഇരുചക്രവാഹനം എന്നിവയും കസ്റ്റഡിയിലെടുത്തതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ത്കുമാർ സിങ് അറിയിച്ചു.
കല്യാൺ നഗറിൽ താമസിക്കുന്ന ഐടി കമ്പനി ജീവനക്കാരനായ കെവിൻ റോജറാണ് (30) പിടിയിലായ മലയാളി. കാറിൽ സൂക്ഷിച്ച 500 ഗ്രാം ഹൈഡ്രോ കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. കേരളത്തിൽ നിന്ന് ഹൈഡ്രോ കഞ്ചാവെത്തിച്ചു നഗരത്തിലെ വിദ്യാർഥികൾക്കാണ് ഇയാള്‍ വിതരണം ചെയ്തിരുന്നത്.
ഇതേദിവസംതന്നെ സിദ്ധാപുര പോലീസ്‌സ്റ്റേഷൻ പരിധിയിൽനിന്ന് മൂന്നുപേരെ മയക്കുമരുന്നുമായി അറസ്റ്റുചെയ്തു. സെപ്റ്റംബർ 19-ന് ആടുഗോഡി പോലീസ്‌സ്റ്റേഷൻ പരിധിയിൽനിന്ന് മയക്കുമരുന്നുകച്ചവടം നടത്തിവന്ന ബിഡിഎസ് വിദ്യാർഥി രഞ്ജിത്ത് ആന്റണി മാത്യുവിനെ (33) 300 ഗ്രാം ഹൈഡ്രോ കഞ്ചാവുമായി താമസസ്‌ഥലത്തു നിന്ന് പിടികൂടി.
സെപ്റ്റംബർ 25-ന് ഹെബ്ബഗോഡിയിൽ നടത്തിയ തിരച്ചിലിലാണ് രണ്ട് വിദേശികളെ മയക്കുമരുന്നുകടത്തിനിടെ പിടികൂടിയതെന്നും പോലീസ് അറിയിച്ചു. നൈജീരിയക്കാരായ തോമസ് നാവിഡ് ചിമെ (42), നുഗു കിങ് സിലി (32) എന്നിവരാണ് പിടിയിലായത്. തോമസ് സ്റ്റുഡന്റ് വിസയിലും നുഗു മെഡിക്കൽ വിസയിലുമാണ് 2019ൽ ഇന്ത്യയിലെത്തിയത്. തോമസിനെ 2022ൽ ലഹരി മരുന്ന് കേസിൽ അറസ്‌റ്റ് ചെയ്തിരുന്നു.
SUMMARY: Drug bust; 7 people including a Malayali were arrested in Bengaluru