ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ തുമ്പമണില്‍ മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനായിരുന്നു തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ. എസ്. ജോര്‍ജിന്റെ ജനനം.
ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, 1950-ൽ ബോംബൈയിലെ ഫ്രീ പ്രസ് ജേണലിലാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ തുടങ്ങിയവയിൽ ജോലിചെയ്തു. ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപർ കൂടിയാണ് ടിജെഎസ് ജോർജ്.
2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി – കേസരി പുരസ്‌കാരം 2019 ൽ ലഭിച്ചു. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ചെയർമാനായിരുന്നു.
‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ’ എഡിറ്റോറിയൽ ഉപദേഷ്ടാവായിരുന്നു.. ഈ പത്രത്തിൽ അദ്ദേഹം എഴുതിയിരുന്ന ‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര കോളം 25 വർഷം മുടങ്ങാതെ തുടർന്നു.
എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, വി.കെ കൃഷ്ണമേനോന്‍, പോത്തന്‍ ജോസഫ്, ലീക്വാന്‍ യ്യൂ തുടങ്ങിയവരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ രചിച്ചു. ഓര്‍മക്കുറിപ്പ് ഘോഷയാത്ര ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി 20ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ അമ്മു. മക്കൾ: എഴുത്തുകാരനായ ജീത് തയ്യിൽ, ഷെബ.
SUMMARY: Veteran journalist T.J.S. George passes away