ബെംഗളൂരു: കര്‍ണാടകയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന പ്രക്രിയ ആരംഭിച്ചതായും 30 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 12.54 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ വിളനാശം സംഭവിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഏകദേശം 2,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ ആദ്യ ആഴ്ച വരെ പെയ്ത കനത്ത മഴയില്‍ ഏകദേശം 5.29 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് വിളനാശം സംഭവിച്ചു. നാശനഷ്ടം കണക്കാക്കി പണം നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്ന് ഗൗഡ പറഞ്ഞു.
സെപ്റ്റംബറില്‍, ഭീമ നദീതട വെള്ളപ്പൊക്കത്തില്‍ വടക്കന്‍ കര്‍ണാടകയിലെ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. രണ്ടാം ഘട്ട വെള്ളപ്പൊക്കത്തില്‍ പ്രധാനമായും കലബുറഗി, യാദ്ഗിര്‍, ബിദാര്‍, വിജയപുര എന്നീ നാല് ജില്ലകളിലായി ഏകദേശം 7.24 ലക്ഷം ഹെക്ടറിന്റെ അധിക വിളനാശമുണ്ടായി.
SUMMARY: Good news for farmers; compensation for crop damage within a month