കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിന് ഹൈകോടതി ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടാവസ്ഥയും തുടരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്?താഖ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ചവരെ വിലക്ക് നീട്ടി ഉത്തരവിട്ടത്. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. ആഗസ്റ്റ് ആറിനാണ് ടോള്‍ പിരിവ് തടഞ്ഞ് കോടതിയുടെ ഉത്തരവ് ഉണ്ടായത്.
തിങ്കളാഴ്ച കേസ് പരിഗണിക്കവേ, നിലവിലെ സാഹചര്യത്തില്‍ ടോള്‍ പിരിവിന് അനുമതി നല്‍കിയാല്‍ തുക കുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച നിലപാടറിയിക്കാന്‍ ദേശീയപാത അതോറിറ്റി കൂടുതല്‍ സമയം തേടി. തുടര്‍ന്നാണ് ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോണ്‍ഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത്, ഒ.ജെ. ജനീഷ് തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
SUMMARY: High Court ban on toll collection in Paliyekkara to continue; petition to be considered again on 14th